ചെൽസിയെ 2-1ന് തോൽപ്പിച്ച് ലിവർപൂൾ
മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി,ആഴ്സനലിന് ജയം
ലണ്ടൻ : കഴിഞ്ഞ സീസണിൽ ഒറ്റ പോയിന്റിന് ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം നഷ്ടമായ ലിവർപൂൾ പുതിയ സീസണിൽ ആദ്യ ആറ് മത്സരങ്ങളിലും വിജയം നേടി തുടക്കത്തിൽ തന്നെ കിരീട ലക്ഷ്യവുമായി മുന്നേറുന്നു. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഫ്രാങ്ക് ലംപാർഡ് പരിശീലിപ്പിക്കുന്ന ചെൽസിയെ 2-1നാണ് ലിവർപൂൾ കീഴടക്കിയത്.
ചെൽസിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിജിൽ നടന്ന മത്സരത്തിൽ അലക്സാണ്ടർ അർനോൾഡ്, റോബർട്ടോ ഫിർമിനോ എന്നിവർ ആദ്യപകുതിയിൽ നേടിയ ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. 14-ാം മിനിട്ടിലായിരുന്നു അർനോൾഡിന്റെ ഗോൾ. 30-ാം മിനിട്ടിൽ റോബർട്ടോ ഫിർമിനോയും സ്കോർ ചെയ്തു. 71-ാം മിനിട്ടിൽ എൻഗോളോ കാന്റേയാണ് ചെൽസിയുടെ ആശ്വാസഗോൾ നേടിയത്.
ആറ് മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ആറ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞിട്ടുള്ളൂ. 11 പോയിന്റുള്ള ലെസ്റ്റർ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വെസ്റ്റ് ഹാമിനോട് തോറ്റു. 44 മിനിട്ടിൽ യാർമോലെങ്കോയും 84-ാം മിനിട്ടിൽ ക്രെസ്‌വെല്ലുമാണ് വെസ്റ്റ്ഹാമിനായി സ്കോർ ചെയ്തത്.ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം തോൽവിയാണിത്. രണ്ട് മത്സരങ്ങളിൽ വിജയിക്കുകയും രണ്ടെണ്ണത്തിൽ സമനിലയിലാവുകയും ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
ആവേശകരമായ മത്സരത്തിൽ ആസ്റ്റൺവില്ലയെ 3-2ന് കീഴടക്കിയ ആഴ്സനൽ 11 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു. 43-ാം മിനിട്ടിൽ മായ്റ്റ്ലാൻഡ് നീൽസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായി കളിച്ച ആഴ്സനലിന് പോൾ ഒബൗമയാംഗിന്റെ മിന്നൽ പ്രകടനമായിരുന്നു വിജയം നൽകിയത്.
20-ാം മിനിട്ടിൽ മക്‌ഗിന്നിലൂടെ ആസ്റ്റൺ വില്ലയാണ് ആദ്യം സ്കോർ ചെയ്തത്. 59-ാം മിനിട്ടിൽ പെപ്പെ പെനാൽറ്റിയിലൂടെ ആഴ്സനലിന് സമനില നൽകി. എന്നാൽ, തൊട്ടടുത്ത മിനിട്ടിൽ വെസ്‌ലി വീണ്ടും ആസ്റ്റൺവില്ലയെ മുന്നിലെത്തിച്ചു. 81-ാം മിനിട്ടിൽ ചേമ്പേഴ്സ് വീണ്ടും കളി സമനിലയിലാക്കി. 84-ാം മിനിട്ടിലായിരുന്നു ഔബമയാംഗിന്റെ വിജയഗോൾ.
റയലിന് ഒറ്റ ഗോൾ ജയം
മാഡ്രിഡ് : കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയോട് തോറ്റിരുന്ന റയൽ മാഡ്രിഡ് കഴിഞ്ഞ രാത്രി സ്പാനിഷ് ലാലിഗയിൽ സെവിയ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. 64-ാം മിനിട്ടിൽ കരിം ബെൻസേമയാണ് തകർപ്പനൊരു ഹെഡറിലൂടെ മത്സരത്തിന്റെ തലവിധി മാറ്റിയത്.
ഈ സീസണിൽ റയലിന്റെ മൂന്നാം ലാലിഗ വിജയമാണിത്. സെവിയ്യ ആദ്യമായാണ് തോൽക്കുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 11 പോയിന്റാണ് റയലിനുള്ളത്. 11 പോയിന്റുള്ള അത്‌ലറ്റിക് ക്ളബ് ഗോൾ ശരാശരിയിൽ ഒന്നാം സ്ഥാനത്താണ്.