rahul-aware
rahul aware

ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള സാദ്ധ്യത മങ്ങി

ന്യൂഡൽഹി : കസാഖിസ്ഥാനിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം രാഹുൽ അവാരെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള സാധ്യത മങ്ങി.

ലോക ചാമ്പ്യൻഷിപ്പിൽ 61 കി.ഗ്രാം വിഭാഗത്തിലാണ് രാഹുൽ മത്സരിച്ചത്. 57 കി.ഗ്രാം വിഭാഗത്തിൽ മത്സരിച്ചുകൊണ്ടിരുന്ന രാഹുൽ അവാരെ ഭാരം കൂട്ടിയാണ് 61 കി.ഗ്രാമിൽ മത്സരിച്ചത്. എന്നാൽ 61 കി.ഗ്രാം കാറ്റഗറി ഒളിമ്പിക്സിൽ ഇല്ലാത്തതാണ് താരത്തിന് തിരിച്ചടിയായത്.

57 കി.ഗ്രാം വിഭാഗത്തിൽ യുവതാരം രവികുമാർ ദഹിയയ്ക്ക് അവസരം നൽകാനാണ് രാഹുൽ 61 കിലോയിലേക്ക് മാറിയത്. രവി ഒളിമ്പിക് യോഗ്യത നേടുമെന്ന് ഇന്ത്യൻ പരിശീലകർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, രവി വെങ്കലവും ഒളിമ്പിക് യോഗ്യതയും സ്വന്തമാക്കിയതോടെ ഒളിമ്പിക്സിന് ഭാരം കുറച്ച് ആ കാറ്റഗറിയിൽ മത്സരിക്കാമെന്ന രാഹുലിന്റെ മോഹം പൊലിഞ്ഞു.

57 കിലോ കഴിഞ്ഞാൽ 64 കിലോയാണ് ഒളിമ്പിക്സിലുള്ള വെയ്റ്റ് കാറ്റഗറി. എന്നാൽ, ആ കാറ്റഗറിയിൽ ഇന്ത്യൻ താരമായ ബജ്റംഗ് പൂനിയ ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി ഒളിമ്പിക്സിന് ടിക്കറ്റെടുത്തുകഴിഞ്ഞു. ഇനി ഒളിമ്പിക്സിലുള്ള ഏതെങ്കിലും വെയ്റ്റ് കാറ്റഗറിയിൽ ഏഷ്യയിൽ നിന്ന് ആരും ഇല്ലെങ്കിൽ മാത്രമേ രാഹുലിന് ടോക്കിയോയിൽ മത്സരിക്കാൻ അവസരം ലഭിക്കുകയുള്ളൂവെന്നും അതിനുള്ള സാധ്യത വിരളമാണെന്നും റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ജനറൽ വി.എൻ. പ്രസൂദ് പറഞ്ഞു.