p-jayarajan

കണ്ണൂർ: സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി. ജയരാജൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന എന്ന വ്യാജപ്രചാരണം സാമൂഹ്യമാദ്ധ്യമങ്ങളിൽ നടത്തിയ യുവാവിന്റെ അറസ്റ്റ് ഇന്ന് കണ്ണൂർ പൊലീസ് രേഖപ്പെടുത്തും. ഭിന്നശേഷിക്കാരനായ എടവണ്ണ സ്വദേശി ചാത്തല്ലൂർ വലിയ പീടിയേക്കൽ കെ. നൗഷാദിനെയാണ് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ടൗൺ സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്. നൗഷാദ് അഡ്മിനായ ഗ്രൂപ്പിലാണ് ജയരാജനെതിരെ വ്യാജ പോസ്റ്റിട്ടത്.

പോസ്റ്റ് കൂടുതൽ പേരിലേക്ക് പകർന്ന കോട്ടക്കൽ സ്വദേശി ഹമീദിനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. പ്രതി ഭിന്നശേഷിക്കാരനായതുകൊണ്ട് സ്റ്റേഷൻ ജാമ്യം അനുവദിക്കുന്ന കാര്യം പൊലീസ് പരിഗണിക്കുമെന്ന സൂചനയുമുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചന നല്കി.

മുസ്ലിംലീഗ് അനുഭാവിയായ നൗഷാദ് അഡ്മിനായ ഗ്രൂപ്പ് പിന്നീട് ലീഗ് പ്രവർത്തകരാണ് സജീവമാക്കി കൊണ്ടുപോകുന്നത്. ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണത്തിന് പിന്നാലെ വിശദീകരണവുമായി പി. ജയരാജൻ രംഗത്തെത്തിയിരുന്നു.