bjp

തിരുവനന്തപുരം: ഇടക്കാലത്ത് ശമിച്ചിരുന്ന ബി.ജെ.പിയിലെ വോട്ട് മറിക്കൽ ആരോപണം വീണ്ടും ഉയർന്നു തുടങ്ങി. പാലാ ഉപതിരഞ്ഞെടുപ്പിലാണ് വീണ്ടും വോട്ട് മറിക്കൽ ആരോപണമുയർന്നത്. ജില്ലാ പ്രസിഡന്റും പാലാ ഉപതിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥിയായ എൻ.ഹരിയും മണ്ഡലം പ്രസിഡന്റ് ബിനുപുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം കമ്മിറ്റിയുമാണ് പരസ്പരം ആരോപണ പ്രത്യാരോപണം നടത്തുന്നത്. വോട്ടെണ്ണൽ കഴിയുമ്പോഴേക്കും അടി കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന. വോട്ട് കാര്യമായി കുറഞ്ഞാൽ തിരഞ്ഞെടുപ്പിന് ചുമതല വഹിച്ചിരുന്നവർക്കെതിരെ നടപടി വരുമെന്ന സൂചനയുമുണ്ട്ഇന്നലെ വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ നിയോജക മണ്ഡലം പ്രസിഡന്റ് ബിനുപുളിക്കകണ്ടത്തിനെ പുറത്താക്കിയെന്ന ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനയിലൂടെയാണ് അടി പുറത്തേക്ക് വന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വീഴ്ച വരുത്തി എന്നതായിരുന്നു ആരോപണം. ബി.ജെ.പിയുടെ വോട്ട് മറിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും രഹസ്യമായി ഉന്നയിക്കുന്നുണ്ട്. അതേസമയം ബിനുപുളിക്കകണ്ടം ജില്ലാ പ്രസിഡന്റിനെതിരെ നേരിട്ട് ആരോപണവുമായി ഇറങ്ങി. താൻ നിയോജക മണ്ഡലം പ്രസിഡന്റ് പദവി രാജിവയ്ക്കുന്നതായി 4ന് തന്നെ ഇ-മെയിൽ ചെയ്തിരുന്നു. പിന്നീട് ഇത് അക്നോളജ്മെന്റ് സഹിതമുള്ള കത്തായി തപാലിൽ സംസ്ഥാന പ്രസിഡന്റിന് അയയ്ക്കുകയും ചെയ്തു.

എന്നാൽ, തിര‌ഞ്ഞെടുപ്പ് ആയതിനാൽ രാജിവിവരം പരസ്യപ്പെടുത്തരുതെന്ന ആർ‌.എസ്.എസ് -ബി.ജെ.പി നേതൃത്വത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് താൻ രാജിവിവരം പരസ്യപ്പെടുത്താതിരുന്നതെന്നും സാധാരണ പ്രവർത്തകൻ എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ സജീവമായി പങ്കുവഹിച്ചിരുന്നെന്നും ബിനുപുളിക്കക്കണ്ടം പറയുന്നു. ജില്ലാ പ്രസിഡന്റിന് തന്നെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ല. രാജിവച്ച ആളിനെ എങ്ങനെയാണ് സസ്പെൻഡ് ചെയ്യുക. താൻ ഒരു ഗ്രൂപ്പിലുമില്ലെന്നും ബിനു പറഞ്ഞു. പാലാ നിയോജക മണ്‌ഡലത്തിന് പുറത്തുള്ളയാളാണ് ഹരി. കഴി‌ഞ്ഞ തിരഞ്ഞെടുപ്പിൽ മാണിക്ക് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടാക്കാനായി തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടികളൊന്നും ചെയ്യാത്ത രീതിയിൽ വർണാഭമായ പ്രകടനം നടത്തി എന്ന ആരോപണം ഉയർന്നിരുന്നു. അഭിപ്രായം അറിയാൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ വിളിച്ചുചേർത്ത യോഗത്തിൽ 90 ശതമാനം പേരും ഹരിയെ സ്ഥാനാർത്ഥിയാക്കരുത് എന്നാണ് പറഞ്ഞത്. സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും ബിനുപുളിക്കകണ്ടം പറഞ്ഞു. ആരോപണ, പ്രത്യാരോപണങ്ങൾ ഇങ്ങനെ ഉയരവേ വോട്ടെണ്ണലിനുശേഷം സംഗതി കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന. എന്നാൽ, മറ്റ് അഞ്ചിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നേതൃത്വം ഇക്കാര്യത്തിൽ ഉടൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചേക്കും.