iuml-

കാസർകോട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അന്തിമ ചർച്ചകളിലേക്ക് കടക്കവേ, കാസർകോട് മുസ്ളിംലീഗിൽ ഭിന്നത രൂക്ഷമായി. മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവാൻ ഒന്നിലധികം പേർ രംഗത്തുവന്നതോടെയാണ് തർക്കം പൊരിഞ്ഞ അടിയിലേക്ക് എത്തിയത്. സ്ഥാനാർത്ഥി മോഹവുമായി രംഗത്തുവന്നവർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ശക്തമായി നിലകൊള്ളുന്നതിനാൽ അന്തിമ തീരുമാനം എടുക്കുന്ന പാണക്കാട് തങ്ങളുടെ അടുത്തേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പാണക്കാട് നിന്ന് അറിയിപ്പ് വന്നതിനെ തുടർന്ന് കാസർകോട് ജില്ലയിലെ മുസ്‌ലിംലീഗ് നേതാക്കൾ കൂട്ടത്തോടെ പുലർച്ചെ തന്നെ പ്രത്യേക വാഹനത്തിൽ പാണക്കാട്ടേക്ക് തിരിച്ചിരുന്നു. ജില്ലയിലെ മുഴുവൻ ലീഗ് നേതാക്കളെയും മഞ്ചേശ്വരം മണ്ഡലത്തിലെ നേതാക്കളെയും മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ചർച്ചക്കായി വിളിപ്പിച്ചിരുന്നു. പാണക്കാട് യാത്രയിലും ലീഗ് പ്രവർത്തകരുടെ ചേരിതിരിവ് പ്രകടമായിരുന്നു. മൂന്ന് വിഭാഗമായാണ് സംഘം പാണക്കാട് എത്തിയത്. മണ്ഡലത്തിലും ഇതേ ചൊല്ലി ഇന്നലെ വൈകിട്ട് അസ്വാരസ്യം ഉണ്ടായിരുന്നു.

മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ, മുസ്‌ലിംയൂത്ത്‌ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, മുസ്‌ലിംലീഗ് ജില്ലാ ട്രഷറർ കല്ലട്ര മുഹമ്മദ് ഹാജി എന്നിവരുടെ പേരുകളാണ് സ്ഥാനാർത്ഥിത്വത്തിനായി രംഗത്തുള്ളത്. പി.ബി അബ്ദുൾ റസാഖിന്റെ വരവോടെ കഴിഞ്ഞ രണ്ടുതവണ അവസാന നിമിഷം മത്സരരംഗത്ത് നിന്നും ഒഴിവായി പോയ ഖമറുദ്ധീന് വേണ്ടി ലീഗ് ജില്ലാ നേതൃത്വവും എ.കെ.എം അഷ്റഫിന് വേണ്ടി യൂത്ത്‌ ലീഗ് സംസ്ഥാന നേതൃത്വവും ചരടുവലി നടത്തുന്നുണ്ട്. തൃക്കരിപ്പൂർ പടന്ന സ്വദേശിയായ ഖമറുദ്ധീൻ മഞ്ചേശ്വരം അതിർത്തി മണ്ഡലത്തിൽ മത്സരിക്കുന്നതിനെതിരെ ലീഗ് അണികളിൽ പ്രാദേശികാവാദം ഉയർത്തി ഒരു വിഭാഗം പ്രചാരണം നടത്തുന്നത് ലീഗ് നേതൃത്വത്തിന് കീറാമുട്ടിയായിട്ടുണ്ട്.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അഷ്റഫിന് വേണ്ടി മണ്ഡലത്തിൽ ഒരു വിഭാഗം ശക്തിയായി വാദിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഫോട്ടോവച്ചുകൊണ്ടുള്ള വാട്സ്ആപ് പ്രചാരണം ഈ വിഭാഗം നേരത്തെ തുടങ്ങിയിരുന്നു. തർക്കം രൂക്ഷമാവുകയാണെങ്കിൽ സമവായ സ്ഥാനാർത്ഥിയായി മുൻമന്ത്രിയും സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലിയെ സംസ്ഥാന ലീഗ് നേതൃത്വം പ്രഖ്യാപിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. സി.ടി അഹമ്മദലി മണ്ഡലത്തിൽ നേരത്തെ യു.ഡി.എഫ് പ്രവർത്തനങ്ങളിൽ സജീവവുമായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ ചേരുന്ന ലീഗ് ഉന്നതാധികാര സമിതിയായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.