pranav-and-nassim-

തിരുവനന്തപുരം: 'കണ്ടാൽ വിദ്യാർത്ഥിയെപോലെയിരിക്കും. പേരോ സ്ഥലമോ അറിയില്ല. ഊരും പേരും ചോദിക്കരുതെന്ന് പ്രണവ് പറഞ്ഞതിനാൽ അത്തരം കാര്യങ്ങളൊന്നും അന്വേഷിക്കാനും പോയില്ല'. പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട് ഉത്തരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായ പൊലീസുകാരൻ ഗോകുൽ നൽകിയ ഈ സൂചനകൾ മാത്രമാണ് യൂണി. കോളേജിൽ നിന്ന് പി.എസ്.സി ചോദ്യപേപ്പർ ചോർത്തിയതാരെന്ന കാര്യത്തിൽ വ്യക്തതയില്ലാതെ ഉഴലുന്ന ക്രൈംബ്രാഞ്ചിന് പ്രതിയെപ്പറ്റി ആകെ അറിയാവുന്നത്. പരീക്ഷാക്രമക്കേടിന്റെ മുഖ്യസൂത്രധാരനെന്ന് അന്വേഷണ സംഘവും അറസ്റ്റിലായ പ്രതികളും വിശേഷിപ്പിക്കുന്ന രണ്ടാം റാങ്കുകാരൻ പ്രണവാകട്ടെ ഇതുമായി ബന്ധപ്പെട്ട് യാതൊന്നും വെളിപ്പെടുത്തിയിട്ടുമില്ല. ചോദ്യ പേപ്പർ ചോർത്തിയതാരാണെന്ന് തനിക്കറിയില്ലെന്നാണ് പ്രണവിന്റെ മൊഴി. പരസ്പരം പഴിചാരിയും കുറ്റം ആരോപിച്ചും അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിട്ട് കേസ് അട്ടിമറിക്കാനും തടിതപ്പാനുമുള്ള പ്രതികളുടെ തന്ത്രത്തെ പൊളിച്ചടുക്കാൻ ഇനി എന്തുചെയ്യുമെന്ന ആലോചനയിലാണ് അന്വേഷണ സംഘം. പരീക്ഷയ്ക്ക് തൊട്ടുമുമ്പും പിമ്പും പ്രതികൾ നടത്തിയ ഫോൺകോൾ വിവരങ്ങൾ പരിശോധിച്ച് ആളെ തിരിച്ചറിയാനുള്ള പ്രയത്നത്തിലാണ് ക്രൈംബ്രാഞ്ച്. കേസിലുൾപ്പെട്ടവരെ ഓരോരുത്തരെയായി പിടികൂടിയിട്ടും ചോദ്യപേപ്പർ ചോർത്തി നൽകിയവർ കാണാമറയത്ത് തുടരുന്നത് കൈംബ്രാഞ്ചിന്റെ വിശ്വാസ്യതയെ കൂടി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പരീക്ഷാതട്ടിപ്പിന്റെ കേന്ദ്രമായി അന്വേഷണ സംഘം കണ്ടെത്തിയ യൂണി.കോളേജിലെ അദ്ധ്യാപകരോ ജീവനക്കാരോ ആണോ ചോദ്യപേപ്പർ ചോർത്തലിന് പിന്നിൽ പ്രവ‌ർത്തിച്ചതെന്ന സംശയത്തിനും ഇത് കാരണമാകുന്നു. വധശ്രമക്കേസോടെ കോളേജിന്റെ ഇമേജാകെ തകർന്ന സാഹചര്യത്തിൽ പരീക്ഷാതട്ടിപ്പിൽ ജീവനക്കാർ പ്രതിയാകപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞ് പിടിയിലായവർ ഇക്കാര്യം ബോധപൂർവ്വം മറച്ചുവയ്ക്കുകയാണോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. എന്തായാലും പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകാൻ ചോദ്യപേപ്പർ ചോർത്തയ്ക്ക് പിന്നാലുള്ളവരെ തിരിച്ചറിഞ്ഞേ മതിയൂ. അന്വേഷണ സംഘത്തിന്റെ ഇനിയുള്ള പ്രധാന ഉദ്യമവും അതുതന്നെ.

അതേസമയം പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പരീക്ഷ നടന്ന ദിവസം പ്രതികൾ എസ്.എം.എസിലൂടെ കൈമാറിയ ഉത്തരങ്ങൾ പൂർണ്ണമായും ഹൈടെക് സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു. പ്രതികളായ ഗോകുലും സഫീറും ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവ‍ർക്കയച്ച സന്ദേശങ്ങളാണ് ക്രൈം ബ്രാഞ്ചിന് കിട്ടിയത്. സംഭവം നടന്ന് ഒരു വ‌ർഷം കഴിഞ്ഞതിനാൽ സന്ദേശങ്ങൾ വീണ്ടെടുക്കുക ശ്രമകരമായിരുന്നു. പ്രതികൾ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഹൈടെക് സെൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ കോപ്പിയടിക്ക് നിർണ്ണായക തെളിവാണ് ക്രൈംബ്രാ‍ഞ്ചിന് കിട്ടിയിരിക്കുന്നത്.അതിനിടെ പ്രതികളായ ശിവരഞ്ജിത്ത്,നസീം എന്നിവരുടെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.