vattiyoorkkav-byelection

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ തുടിപ്പുകൾ ഉൾക്കൊള്ളുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം ഉപതിരഞ്ഞടുപ്പിലൂടെ ആരെ വരിക്കണമെന്നാലോചിക്കുകയാണ്. ലോക്‌‌സഭയിലേക്ക് വടകരയിൽ നിന്ന് കെ.മുരളീധരൻ വിജയിച്ചപ്പോൾമുതൽ മുന്നണികൾ വട്ടിയൂർക്കാവിലേക്ക് സ്ഥാനാർത്ഥിയെ തേടി തുടങ്ങിയതാണ്. ഇന്നും നാളെയുമായി സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്ന് അറിയാനാവും. അതോടെ തിരഞ്ഞെടുപ്പ് ചൂടിന്റെ ആരവം മണ്ഡലത്തിൽ കൊടുമ്പിരിക്കൊള്ളും. തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത് ഇടുതപക്ഷത്തിന്റെ സ്ഥാനാർത്ഥി ആകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്

2008ൽ നടന്ന നിയമസഭാ മണ്ഡലം പുന:സംഘടനയിലൂടെയാണ് വട്ടിയൂർക്കാവ് മണ്ഡലം രൂപമെടുക്കുന്നത്. അതുവരെ നിലനിന്നിരുന്ന തിരുവനന്തപുരം നോർത്ത് മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ചേർന്നാണ് വട്ടിയൂർക്കാവ് പിറവിയെടുത്തത്. 2011ലാണ് ഇവിടെ ആദ്യതിരഞ്ഞെടുപ്പ് നടക്കുന്നത്. നഗരഹൃദയ ഭാഗങ്ങളായ കവടിയാർ, പി.എം.ജി, നന്തൻകോട്, പട്ടം, ശാസ്തമംഗലം തുടങ്ങി തിരുവനന്തപുരം കോർപ്പറേഷനിലെ 100 വാർഡുകളിൽ 24 വാർഡുകൾ പൂർണമായും നാലാഞ്ചിറ വാർഡ് ഭാഗികമായും ചേർന്നതാണ് മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതിൽ പത്ത് വാർഡുകളിൽ എൽ.ഡി.എഫും 9 വാർഡുകളിൽ ബി.ജെ.പിയും അഞ്ച് വാർഡുകളിൽ യു.ഡി.എഫുമാണ് ജയിച്ചത്.

കഴിഞ്ഞ രണ്ടു തവണയായി കോൺഗ്രസിലെ കെ. മുരളീധരനാണ് മണ്ഡലത്തിൽ വിജയിച്ചത്. വാശിയേറിയ ത്രികോണ മത്സരത്തിൽ ബി.ജെ.പിയിലെ കുമ്മനം രാജശേഖരനെ 7,622 വോട്ടിന് പരാജയപ്പെടുത്തിയാണ് കെ. മുരളീധരൻ വട്ടിയൂർക്കാവിൽ രണ്ടാം തവണ വിജയം തേടുന്നത്. ടി.എൻ. സീമയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. ആദ്യതവണ എൽ.ഡി.എഫിലെ ചെറിയാൻ ഫിലിപ്പായിരുന്നു പ്രധാന എതിരാളി. അന്ന് 16,167 വോട്ടിനായിരുന്നു മുരളീധരന്റെ വിജയം. അന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നത് വി.വി.രാജേഷാണ്.

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞടുപ്പിലും ഇടതുപക്ഷം ഇവിടെ മൂന്നാംസ്ഥാനത്തായിരുന്നു.

എന്നാലും ഇടതുപക്ഷത്തിന് മണ്ഡലത്തിൽ ശക്തമായ അടിത്തറയുണ്ട്. 2011ലെ തിരഞ്ഞടുപ്പിനേക്കാൾ 2016ൽ കെ. മുരളീധരന്റെ ഭൂരിപക്ഷം കുറഞ്ഞു. ആകെ കിട്ടിയ വോട്ടും കുറഞ്ഞു. 2011ൽ 56,531 വോട്ട് നേടിയ മുരളീധരന് 2016ൽ 51,322 വോട്ടാണ് കിട്ടിയത്. ബി.ജെ.പിയിലെ കുമ്മനം രാജശേഖരന് 43,700 വോട്ടും എൽ.ഡി.എഫിലെ ടി.എൻ.സീമയ്ക്ക് 40,441 വോട്ടും കിട്ടി. എന്നാൽ, ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ ശശി തരൂരിന് കിട്ടിയത് 53,545 വോട്ടാണ്. കുമ്മനം രാജശേഖരന് 50,709 വോട്ടും എൽ.ഡി.എഫിലെ സി.ദിവാകരന് 29,414 വോട്ടും കിട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 168 ബൂത്തുകളിൽ 85ലും യു.ഡ‌ി.എഫ് ആണ് ലീഡ് ചെയ്തത്. ബി.ജെ.പിയാകട്ടെ 79 ബൂത്തുകളിൽ ലീഡ് നേടി. എൽ.ഡി.എഫിന് നാല് ബൂത്തുകളിൽ ലീഡ് നേടാനേ കഴിഞ്ഞുള്ളൂ. സാമുദായിക പരിഗണനകൾക്ക് എന്നും പ്രാധാന്യം കിട്ടിയിരുന്ന മണ്ഡലത്തിൽ നായർ സമുദായത്തിന് ശക്തമായ സ്വാധീനമുണ്ട്. ഈഴവരും ഹിന്ദുസമുദായത്തിലെ പിന്നാക്കക്കാരും നിർണായക ശക്തിയാണ്. ക്രിസ്ത്യൻ, മുസ്ലിം സമുദായത്തിനും നിർണായക സ്വാധീനമുണ്ട്.

തദ്ദേശക്കണക്ക്

2015ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 24 വാർഡുകളിൽ 10 എണ്ണത്തിലും എൽ.ഡി.എഫാണ് ജയിച്ചത്.

എൽ.ഡി.എഫ്: വാഴോട്ടുകോണം, പേരൂർക്കട, മുട്ടട, നെട്ടയം, കാച്ചാണി, കാഞ്ഞിരംപാറ, നന്തൻകോട്, ശാസ്തമംഗലം, കുന്നുകുഴി, കണ്ണമ്മൂല.

ബി.ജെ.പി: കൊടുങ്ങാനൂർ, പി.ടി.പി നഗർ, പട്ടം, പാതിരപ്പള്ളി, വട്ടിയൂർക്കാവ്, വലിയവിള, പാങ്ങോട്, ചെട്ടിവിളാകം, തുരുത്തുമ്മൂല.

യു.ഡി.എഫ്: കവടിയാർ, കുറവൻകോണം, കേശവദാസപുരം, കിണവൂർ, കുടപ്പനക്കുന്ന്