anger-room

ബീജിംഗ്: ദേഷ്യം തീർക്കാൻ എന്താ ഒരുവഴി? ചിലർക്ക് തല്ലിത്തന്നെ തീർക്കണം. പക്ഷേ, തല്ലുകൊള്ളാൻ ആരെങ്കിലും കൈയുംകെട്ടി നിന്നുകൊടുക്കുമോ?ഇത്തരക്കാർ വിഷമിക്കേണ്ട. നേരെ ബീജിംഗിലേക്ക് എത്തിയാൽ മതി. ദേഷ്യം തല്ലിത്തന്നെ തീർക്കാം.പക്ഷേ, പോക്കറ്റിൽ പണമുണ്ടാകണമെന്ന് മാത്രം.

ആങ്കർ റൂമുകളാണ് കട്ടക്കലിപ്പ് തല്ലിത്തീർക്കാനുള്ള അവസരം തരുന്നത്. നിങ്ങൾക്ക് ഏതുവസ്തുവാണ് തല്ലിപ്പൊളിച്ചാൽ ദേഷ്യം തീരുമെന്ന് ആങ്കർ റൂമിന്റെ നടത്തിപ്പുകാരോട് പറഞ്ഞാൽ മതി. മിനിട്ടുകൾക്കുള്ളിൽ ആസാധനം മുന്നിലെത്തിയിരിക്കും. മതിയാവോളം തല്ലിപ്പൊട്ടിച്ച് രസിക്കാം.സാധാരണഗതിയിൽ തല്ലിപ്പൊട്ടിക്കാൻ പഴയ ഉപകരണങ്ങളും മറ്റുമാണ് നൽകുന്നത്. പുതിയതേ തല്ലിപ്പൊളിക്കൂ എന്ന് നിർബന്ധമുണ്ടെങ്കിൽ അതും ലഭിക്കും. പക്ഷേ, ബിൽ കടുക്കും. തല്ലിപ്പൊട്ടിക്കുന്ന വസ്തുക്കളുടെ ഭാഗങ്ങൾ ശരീരത്തിൽ തട്ടി അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേക സുരക്ഷാവസ്ത്രങ്ങളും ഹെൽമെറ്റും ഉപഭോക്താക്കൾക്ക് നൽകും. അരമണിക്കൂർ ആങ്കർ റൂമിൽ വിരാജിക്കണമെങ്കിൽ 1500രൂപയോളം ചെലവാകും. തല്ലിപ്പൊളിക്കാനുള്ള സാധനങ്ങൾ ഉപഭോക്താക്കൾക്ക് കൊണ്ടുവരാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇവർക്ക് ബില്ലിൽ സ്പെഷ്യൽ ഡിസ്കൗണ്ടുണ്ടാവും. പങ്കാളികളുടെ ഫോട്ടോകൾ കൊണ്ടുവന്ന് തകർക്കുന്നവരും ഉണ്ട്.

ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ് ആങ്കർ റൂമുകൾ എന്ന ആരോപണം കാര്യമറിയാതുള്ള വിമർശനം എന്നാണ് നടത്തിപ്പുകാർ പറയുന്നത്. യഥാർത്ഥത്തിൽ ആങ്കർ റൂമുകൾ എന്നത് ക്ളിനിക്കുകളാണ്. മനുഷ്യനിൽ ഉണ്ടാവുന്ന ദേഷ്യവും നെഗറ്റീവ് എനർജിയും ഇവിടെയെത്തുന്നതോടെ ഇല്ലാതാവും. ദേഷ്യമെല്ലാം അടക്കി പുതിയൊരുമനുഷ്യനായിട്ടായിരിക്കും അയാൾ തിരച്ചുപോകുന്നത്.

സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ആങ്കർ റൂമുകളിൽ എത്താറുണ്ട്. ടീച്ചർമാരോടുള്ള കലിപ്പ് തീർക്കാനാണ് കൂടുതൽപേരും എത്തുന്നത്.