ramesh-chennithala-2

തിരുവനന്തപുരം: വൈദ്യുതി ബോർഡ് കിഫ്ബി വഴി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ട്രാൻസ്ഗ്രിഡ്. പദ്ധതിയിലെ എസ്റ്രിമേറ്ര് തുക എത്രയെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം കിഫ്ബിക്ക് എതിരല്ല. എന്നാൽ കിഫ്ബിയുടെ പേരിലുള്ള അഴിമതിയെയും ധൂർത്തിനെയുമാണ് തങ്ങൾ എതിർക്കുന്നത്. ട്രാൻസ്ഗ്രിഡുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച 10 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. മറുപടികളൊന്നും സത്യത്തിന് നിരക്കുന്നതല്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എന്തു കൊണ്ട് താൻ ഇത് ഉന്നയിച്ചു എന്നതാണ് മുഖ്യമന്ത്രിയുടെ ചോദ്യം.

സി.എ.ജി ആഡി​റ്റ് ഒഴിവാക്കി കൊണ്ടുള്ള കിഫ്ബി നിയമ ഭേദഗതി നിയമസഭയിൽ കൊണ്ടുവന്ന് പാസാക്കിയത് മുതൽ താൻ ഇതിനെ എതിർത്തിട്ടുണ്ട്. നിയമസഭയ്ക്കും സർക്കാരിനും പുറത്ത് കിഫ്ബി സാമ്പത്തിക സമാഹരണം നടത്തുകയും അത് ട്രഷറിക്ക് പുറത്ത് കൂടി സമ്പദ് ഘടനയിൽ എത്തുകയും ചെയ്യുമെന്നും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. എം. ഉമ്മർ മൂന്ന് തവണ നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിക്കുകയും ചെയ്തതാണ്. നിയമസഭയുടെയോ സഭാ സമിതികളുടെയോ സ്ക്രൂട്ട്ണിക്ക് കിഫ്ബി അക്കൗണ്ടുകൾ വിധേയമാക്കാത്തത് വലിയ പോരായ്മയാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ സഭയിൽ റൂളിംഗ് നൽകിയതുമാണ്.

സി.എ.ജി ആക്ടിലെ 14 (1) പ്രകാരമുള്ള ആഡി​റ്റിംഗ് പരിമിതമാണെന്നും അതിനാൽ 20 (2) പ്രകാരമുള്ള സമ്പൂർണ ആഡി​റ്റിംഗ് വേണമെന്നുമാണ് സി.എ.ജി ആവശ്യപ്പെടുന്നത്. 14(1) പ്രകാരമാണെങ്കിൽ സർക്കാർ ഗ്രാന്റിൽ മാത്രമെ ആഡി​റ്റിംഗ് നടത്താനാവൂ. അപ്പോൾ കിഫ്ബിയുടെ 43,000 കോടിയുടെ പദ്ധതികളിൽ 10,000 കോടിക്ക് മാത്രമെ ആഡി​റ്റ് നടക്കൂ. സമ്പൂർണ ആഡി​റ്റിംഗിനെ സർക്കാർ എന്തിനാണ് ഭയപ്പെടുന്നതെന്നും ചെന്നിത്തല ചോദിച്ചു.