കല്ലമ്പലം: നാവായിക്കുളത്ത് സ്കൂളുകൾക്ക് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന മാർക്കറ്റ് നിറുത്തലാക്കിക്കൊണ്ട് പഞ്ചായത്ത് അധികൃതർ നോട്ടീസ് പതിച്ചെങ്കിലും മാർക്കറ്റ് വീണ്ടും പ്രവർത്തനം തുടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. ഇതിനിടയിൽ പഞ്ചായത്ത് അധികൃതർ പതിച്ചിരുന്ന നോട്ടീസ് വാർഡ് മെമ്പർ തന്നെ കീറിക്കളഞ്ഞെന്നും നാട്ടുകാർ ആരോപിച്ചു. പതിവുപോലെ ഇന്നലെ രാവിലെ 10ന് മുമ്പ് മാർക്കറ്റ് കൂടിയിരുന്ന സ്ഥലത്ത് നിന്നു 50 മീറ്റർ മാറി പട്ടാളം മുക്ക് ജംഗ്ഷനിൽ കൂടിയതോടെ ഒരുകൂട്ടം നാട്ടുകാർ പ്രതിഷേധവുമായെത്തി. എന്നാൽ തങ്ങൾ പറമ്പുകളിൽ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ മാർക്കറ്റിൽ കൊണ്ടുവന്നു വിറ്റാണ് ഉപജീവനമാർഗം നടത്തുന്നതെന്നും അതിനാൽ മാർക്കറ്റ് നിലനിൽക്കണമെന്നുമുള്ള ആവശ്യത്തിലുറച്ച് ഒരുകൂട്ടം സ്ത്രീകളും മത്സ്യ വ്യാപാരികളും രംഗത്തെത്തിയതോടെ പ്രദേശം സംഘർഷഭരിതമായി. നാവായിക്കുളം ഹയർസെക്കൻഡറി സ്കൂളിൽ നിന്നു വിദ്യാർത്ഥികൾ കൂടി മാർക്കറ്റിനെതിരെ പ്രതിഷേധവുമായി റോഡിൽ ഇറങ്ങിയതോടെ ഉന്തും, തള്ളും, വിദ്യാർത്ഥികൾക്ക് നേരെ കൈയേറ്റവും നടന്നു. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തിയതോടെ രംഗം ശാന്തമാക്കി വിദ്യാർത്ഥികളെ സ്കൂളിലേക്ക് മടക്കി അയച്ചു. മാർക്കറ്റിനെതിരെയുള്ള പ്രതിഷേധ സമരവുമായി വിദ്യാർത്ഥികളെ റോഡിലിറക്കിയതിന്റെ ഉത്തരവാദിത്വം ഹെഡ്മാസ്റ്റർക്കും പി.ടി.എ ഭാരവാഹികൾക്കുമാണെന്ന്‍ പൊലീസ് ആരോപിച്ചു. സ്കൂളിലെ പഠനാന്തരീക്ഷത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടുള്ള മാർക്കറ്റിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയത് രക്ഷാകർത്താക്കളുടെ നിർദ്ദേശ പ്രകാരമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.