തിരുവനന്തപുരം: ഭീകരവാദത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ കൈക്കൊള്ളുന്ന നടപടികൾക്ക് ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യ ആവശ്യപ്പെട്ടു.
. യു.എൻ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി സി.ഐ.സി എയിൽപ്പെട്ട ഏഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്റിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവേ വിദേശകാര്യ സഹമന്ത്റി വി.മുരളീധരനാണ് പിന്തുണ ആവശ്യപ്പെട്ടത്. സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പു വരുത്തുന്നതിനായി 27 ഏഷ്യൻ രാജ്യങ്ങൾ ചേർന്ന് 1992 ൽ രൂപീകരിച്ചതാണ് കോൺഫറൻസ്
ഭീകരവാദത്തെ സാമ്പത്തികമായും രാഷ്ട്രീയമായും ധാർമ്മികമായും പിന്തുണയ്ക്കുന്ന ചില രാജ്യങ്ങളുണ്ടെന്ന് പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ വി.മുരളീധരൻ ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനെതിരായ ആഗോള ഉടമ്പടി എത്രയും പെട്ടന്ന് പ്രാവർത്തികമാക്കാൻ ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ വേണം. ഗൾഫ് മേഖലയിൽ ചില രാജ്യങ്ങൾ തങ്ങളുടെ തന്ത്റപരമായ താൽപര്യങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ സൃഷ്ടിച്ചിട്ടുള്ള സംഘർഷം ആശങ്കാജനകമാണ്.. നയതന്ത്റ ശ്രമങ്ങളിലൂടെയും ചർച്ചകളിലൂടെയും സംഘർഷത്തിന് അയവ് വരുത്താനുള്ള നടപടികൾ അടിയന്തരമായി ഉണ്ടാവുമെന്ന് വി.മുരളീധരൻ പ്രതീക്ഷ പ്രകടിപ്പിച്ചു.