മോട്ടോർ വാഹന നിയമ ഭേദഗതിയനുസരിച്ചുള്ള വാഹന പരിശോധനയും ഉയർന്ന പിഴ ഈടാക്കലും സന്ദിഗ്ദ്ധമായി തുടരവെ സംസ്ഥാനത്തുടനീളം വാഹനാപകടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർദ്ധനയാണുണ്ടായത്. നിയമലംഘനങ്ങൾക്ക് ശിക്ഷ കൂട്ടിയാൽ അപകടങ്ങൾ കുറയുമെന്ന പൊതുധാരണ തിരുത്തുന്ന തരത്തിലാണ് അപകട പരമ്പരകൾ. റോഡപകടങ്ങളിൽ ഇരുചക്ര വാഹനങ്ങളാണ് മുന്നിൽ. മരണപ്പെടുന്നവരിലധികവും യുവാക്കളും. അമിതവേഗത്തിൽ പൊതുനിരത്തുകളിൽ ചീറിപ്പായുന്ന യുവാക്കൾ സ്വന്തം ജീവൻ മാത്രമല്ല അപകടത്തിലാക്കുന്നത്. റോഡിലുള്ള മറ്റുള്ളവരെയും അപകടത്തിലേക്ക് തള്ളിയിടുകയാണ്. വിശാലമായ നിരത്തുകളിൽപ്പോലും ഇരുചക്രവാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുന്നത് ഇപ്പോൾ പുതുമയുള്ള വാർത്തയല്ല. മദ്യലഹരിയിലും നിയന്ത്രണമില്ലാതെയും വാഹനങ്ങൾ ഓടിച്ച് ജീവിതം ഹോമിക്കുന്ന ചെറുപ്പക്കാരുടെ സംഖ്യയും കൂടിവരുന്നതായി പൊലീസിന്റെ കണക്കുകളിൽ കാണാം.
തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ഒറ്റദിവസം അഞ്ച് യുവാക്കളാണ് ബൈക്കപകടങ്ങളിൽ അകാലമൃത്യുവിനിരയായത്. മുരുക്കുംപുഴയിൽ മൂന്ന് യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് രണ്ടുപേർ മരിച്ചത്. മൂന്നാമൻ ഗുരുതരമായ പരിക്കുമായി ആശുപത്രിയിലാണ്. പൂജപ്പുരയിൽ തിങ്കളാഴ്ച രാവിലെ ബൈക്ക് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയും സുഹൃത്തുമാണ് മരിച്ചത്. സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് കോളേജിലേക്കു പോയ വിദ്യാർത്ഥിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ആറ്റിങ്ങലിൽ അപകടത്തിൽപ്പെട്ടത് ആംബുലൻസാണ്. ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെത്തിക്കാൻ ശ്രമിച്ച ആംബുലൻസാണ് ലോറിയുമായി കൂട്ടിയിടിച്ചു തകർന്നത്. ബൈക്കപകടത്തിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ അതിനകത്തുണ്ടായിരുന്ന യുവാവ് കൂട്ടിയിടിയുടെ ആഘാതത്തിൽ മരണപ്പെടുകയായിരുന്നു. തിരുവനന്തപുരത്തു മാത്രം 24 മണിക്കൂറിനിടെയുണ്ടായ ദാരുണമായ അപകടങ്ങളിൽ അഞ്ച് യുവാക്കളാണ് മരിച്ചതെങ്കിൽ ഇതരഭാഗങ്ങളിൽ വേറെയും അപകടങ്ങളും മരണവും സംഭവിച്ചിട്ടുണ്ട്. വടക്കഞ്ചേരിയിൽ ഞായറാഴ്ച രാത്രി ബൈക്ക് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ ഇരുപത്തിരണ്ടുകാരന്റെ ജീവനാണു പൊലിഞ്ഞത്. രാത്രിയായതിനാൽ ഏറെ വൈകിയാണ് പരിക്കേറ്റു കിടന്ന യുവാവിനെ നാട്ടുകാർ കണ്ടെത്തുന്നത്.
നിയന്ത്രണം വിട്ടും അല്ലാതെയും ഉണ്ടാകുന്ന അപകടങ്ങൾക്ക് കൈയും കണക്കുമില്ല. അപകടത്തിൽ മരണമുണ്ടായാൽ മാത്രമേ പലപ്പോഴും വാർത്തയാകാറുള്ളൂ. വാഹനങ്ങൾ കൂട്ടിയിടിച്ചും നിയന്ത്രണം തെറ്റി മറിഞ്ഞും മറ്റുമുണ്ടാകുന്ന ചെറിയ അപകടങ്ങൾ കണക്കിൽപ്പെടാറില്ല.
നന്നേ ഇടുങ്ങിയ നിരത്തുകളിൽപ്പോലും സകല ഗതാഗത നിയമങ്ങളും ലംഘിച്ചുകൊണ്ട് പറക്കുകയാണ് വാഹനങ്ങൾ. ഇവയിൽ വലിയ വാഹനങ്ങളെന്നോ ചെറിയ വാഹനങ്ങളെന്നോ വ്യത്യാസമൊന്നുമില്ല. ഗതാഗതമേഖലയിലെ അച്ചടക്കരാഹിത്യവും അശ്രദ്ധയും തോന്ന്യവാസവും കാണണമെങ്കിൽ ഏതെങ്കിലുമൊരു നിരത്തിൽ പത്തുമിനിട്ട് നിന്നാൽ മതി. അസഹനീയമായ വാഹനത്തിരക്കിലും ഏറ്റവും മുന്നിലെത്താൻ തിരക്കുകൂട്ടുന്നവരെ എവിടെയും കാണാം. മുൻപേ പോകുന്നവനെ മറികടക്കാനുള്ള ഉദ്യമത്തിനിടെ ഉണ്ടാകുന്ന അപകടങ്ങൾ നിരവധി യുവാക്കളുടെ ജീവനാണ് തട്ടിയെടുക്കുന്നത്. അപകടകരമായ നിലയിൽ വാഹനങ്ങൾ ഓടിക്കുന്നത് തടയാൻ നിയമമുണ്ടെങ്കിലും ഒരിടത്തും ആരും ശിക്ഷിക്കപ്പെടാറില്ല. പുതിയ നിയമമനുസരിച്ച് വൻ പിഴ ഈടാക്കാവുന്ന കുറ്റമാണിത്. പിഴ വളരെയധികം കൂടിപ്പോയെന്ന പരാതി കാരണം പുതുക്കിയ ശിക്ഷാവ്യവസ്ഥ നടപ്പാക്കാതെ മടിച്ചുനിൽക്കുകയാണ് അധികാരികൾ. പുതിയ നിയമം നടപ്പായാൽ അപകടങ്ങൾ കുറയുമെന്ന ധാരണയൊന്നും വേണ്ട. എങ്കിലും ഉയർന്ന പിഴ നൽകേണ്ടി വരുമല്ലോ എന്നോർത്ത് നിയമം പാലിക്കാൻ കൂടുതൽ പേർ തയ്യാറാവുമെന്നു കരുതാവുന്നതാണ്. ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഉടനേയൊന്നും ഇതൊക്കെ നടപ്പാക്കാനും ഇടയില്ല. നിയമം കർക്കശമാക്കി വാഹന ഉടമകളുടെ അപ്രീതി സമ്പാദിക്കാൻ സർക്കാരിനു താത്പര്യം കാണുകയില്ല.
റോഡപകട നിരക്ക് കുറയാൻ വാഹനങ്ങൾ ഓടിക്കുന്നവർ തന്നെ ശ്രമിച്ചാലേ പറ്റൂ. അനിയന്ത്രിതമായ വാഹനപ്പെരുപ്പത്തിനു നടുവിൽ സാമർത്ഥ്യവും മിടുക്കും കാണിക്കാൻ മുതിർന്നാൽ അപകടവും ജീവനഷ്ടവുമാണു ഫലം. അതു വാഹനം ഓടിക്കുന്ന സർവരും മനസിലാക്കണം. അശ്രദ്ധയോടും അഹങ്കാരത്തോടെയുമുള്ള ഡ്രൈവിംഗ് സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്ന് ഓർമ്മ വേണം. സംസ്ഥാനത്ത് പൊതുയാത്രാ സൗകര്യത്തിന്റെ കുറവാണ് നിരത്തുകളിൽ വാഹന പ്രളയം സൃഷ്ടിക്കുന്നതെന്നത് വസ്തുതയാണ്. സമയത്തും കാലത്തും ലക്ഷ്യത്തിലെത്തണമെങ്കിൽ സ്വന്തം വാഹനം തന്നെ വേണമെന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇതിനു മാറ്റമുണ്ടാകണമെങ്കിൽ പൊതുയാത്രാ സൗകര്യങ്ങൾ പതിന്മടങ്ങു മെച്ചപ്പെടണം. അമിത വേഗം ലഹരിയായി കൊണ്ടുനടക്കുന്ന യുവാക്കൾ സ്വയം നിയന്ത്രിക്കാൻ തയ്യാറാകണം. തങ്ങളെ കാത്തിരിക്കാൻ ആളുകളുണ്ടെന്ന വിചാരമുണ്ടാകണം.