കിളിമാനൂർ: സ്പെഷ്യൽ ഒളിമ്പിക്സിലേക്ക് ഒരു ചുവടുവയ്പ് എന്ന ആശയവുമായി കിളിമാനൂർ ബി.ആർ.സി മിഷൻ 20 - 20 ആരംഭിച്ചു. വരാൻ പോകുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഇവിടെ നിന്ന് ഒരു കുട്ടിയെ എങ്കിലും പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. 30 കുട്ടികൾക്ക് ഇവിടെ സ്ഥിര പരിശീലനം നൽകുന്നുണ്ട്. സ്ഥിരമായി പരിശീലനം നൽകിയാൽ ഒരുപാട് കുട്ടികൾക്ക് നേട്ടം കൈവരിക്കാനാകുമെന്നാണ് റിസോഴ്സ് അദ്ധ്യാപകനായ അനീഷ് എസ്.എൽ പറയുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ അബുദാബിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യ മൂന്നാം സ്ഥാനം നേടിയിരുന്നു. കേരളത്തിൽ നിന്ന് 26 കുട്ടികൾ പങ്കെടുത്ത് 3 സ്വർണമടക്കം 30 മെഡലുകൾ കരസ്ഥമാക്കുകയും ചെയ്തു. ഇതിൽ ഭൂരിഭാഗവും സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികളാണ്. സമഗ്ര ശിക്ഷാ കേരള വഴി കിളിമാനൂർ ബി.ആർ.സിയിൽ നിയമിതരായ റിസോഴ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നുണ്ട്. ഇതോടൊപ്പം കുട്ടികൾക്ക് അത്‌ലറ്റിക്സ്, സൈക്ലിംഗ് പരിശീലനം, ക്രിക്കറ്റ് തുടങ്ങിയവയിൽ പരീശീലനവും നൽകി വരികയാണ്. കാര്യവട്ടം ലക്ഷ്മി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ കൊടുവഴന്നൂർ ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ കണ്ണനും, ഗുരുദേവ് യു.പി.എസിലെ മുഹമ്മദ് കൈസിനും സൈക്ലിംഗ് പരിശീലനം ലഭിക്കുന്നുണ്ട്. ബി.ആർ.സിയുടെ ഇടപെലിന്റെ ഭാഗമായി സൈക്ലിംഗ് നാഷണൽ ചാമ്പ്യനായ സന്തീപ് കൗറിനെ കോച്ചായി ലഭിച്ചു. ബി.ആർ.സിയിലുള്ള സ്പെഷ്യൽ അദ്ധ്യാപകരുടെയും റിസോഴ്സ് അദ്ധ്യാപകരായ അനീഷിന്റെയും ഷാമിലയുടെയും നേതൃത്വത്തിലാണ് സൈക്ലിംഗ്, ക്രിക്കറ്റ് പരിശീലനങ്ങൾ നടക്കുന്നത്. പോങ്ങനാട് ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരനായ അസദ് ഐ.ജെ നവംബറിൽ രാജസ്ഥാനിൽ നടക്കുന്ന നാഷണൽ ക്രിക്കറ്റ് സെലക്ഷൻ ട്രെയിനിംഗ് ക്യാമ്പിലേക്ക് പോകേണ്ട കേരള ടീമിന്റെ സെലക്ഷൻ ക്യാമ്പുവരെ എത്തി. മലപ്പുറം ചുങ്കത്തറയിലെ മദർ വെറോണിക്ക സ്പെഷ്യൽ സ്കൂളിൽ നടന്ന ക്യാമ്പിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട പത്തുപേരിൽ ഒരാളാകാൻ കഴിഞ്ഞില്ലെങ്കിലും മകനെ ക്യാമ്പിൽ പങ്കെടുപ്പിക്കാനായ സന്തോഷത്തിലാണ് പിതാവായ ഇർഷാദും അദ്ധ്യാപകൻ അനീഷും. പൊതുവിദ്യാലയത്തിൽ നിന്ന് പങ്കെടുത്ത നാലു കുട്ടികളിൽ പന്തളം ബി.ആർ.സിയിലെ ഗാമ സ്പോർട്സ് ക്ലബ് അംഗമായ അജ്മലിന് മാത്രമാണ് സെലക്ഷൻ ലഭിച്ചത്.