കിളിമാനൂർ: നാറാണത്തു ഭ്രാന്തന്റെ കാലിലെ മന്തിന്റെ കാര്യം പറഞ്ഞതുപോലെയാണ് കിളിമാനൂർ പൊലിസ് സ്‌റ്റേഷന് സമീപം സംസ്ഥാന പാതയോട് ചേർന്ന് കൂട്ടിയിട്ടിരുന്ന തൊണ്ടി വാഹനങ്ങളുടെ കാര്യവും. സംസ്ഥാന പാതയിൽ പൊലിസ് സ്റ്റേഷനും, സിവിൽ സ്റ്റേഷനും സമീപമാണ് തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. നിരന്തരം അപകടം നടക്കുന്ന കാരേറ്റ് - കിളിമാനൂർ സംസ്ഥാന പാതയിലാണ് ഇത്തരത്തിൽ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ കൂടുതൽ അപകടം ഉണ്ടാകും എന്ന് ചൂണ്ടി കാട്ടി കേരള കൗമുദി വാർത്തയും നൽകിയിരുന്നു.
സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് ഇവ തൊട്ടടുത്ത പഴയ സംസ്ഥാന പാതയോട് ചേർന്ന് കൊണ്ടിടുകയായിരുന്നു. ഇതോടെ ആ പ്രദേശം തുരുമ്പിച്ച വാഹനങ്ങളും ഇരുമ്പും കൊണ്ട് നിറഞ്ഞു.
പുതിയ സംസ്ഥാന പാതയിൽ തിരക്കുണ്ടായാൽ വാഹനങ്ങൾ തിരിച്ചു വിടാൻ പറ്റുന്ന പഴയ സംസ്ഥാന പാതയിലാണ് ഈ വാഹനങ്ങൾ നിഷേപിച്ചിരിക്കുന്നത്. കുന്നുമ്മൽ, താന്നിമൂട് പ്രദേശങ്ങളിലേക്കുള്ള റോഡും ഇതു വഴിയാണ്. ഇത് കൂടാതെ ശാസ്താ ക്ഷേത്രം ഉൾപ്പെടെ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ബസ്, ലോറി തുടങ്ങിയവ ഉൾപ്പെടെ തുരുമ്പെടുത്തതും അല്ലാത്തതുമായ നിരവധി വാഹനങ്ങളാണ് ഇത്തരത്തിൽ ഇവിടെ കൊണ്ടിട്ടിരിക്കുന്നത്.
മതിയായ രേഖകൾ ഇല്ലാതെ അനധികൃതമായി മണ്ണ് കടത്തിയ ഒരു ലോറി പൊലിസ് പിടികൂടുകയും പൊലീസ് സ്റ്റേഷനു അകലെയായുള്ള പഴയ സംസ്ഥാന പാതയിൽ കൊണ്ടിട്ട് രാത്രി ആ വാഹനം മോഷണം പോയതും ഇവിടെ നിന്നാണ്. കാൽ നടയാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളും ഒക്കെ നിരന്തരം സഞ്ചരിക്കുന്ന ഈ പാതയിൽ നിന്ന് ഇവ നീക്കം ചെയ്യണം എന്നാണ് നാട്ടുകാരുടെ ആവശ്യം.