കാട്ടാക്കട: ജലസമൃദ്ധി പദ്ധതി കേരളമാകെ വ്യാപിപ്പിക്കാൻ സാദ്ധ്യതകൾ ആരായാനുള്ള പഠനങ്ങളുടെ ഭാഗമായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശം സന്ദർശിച്ചു. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ വിവിധ മണ്ണ്‍ - ജല സംരക്ഷണ പ്രവർത്തനങ്ങൾ സംഘം കണ്ടറിഞ്ഞു. വിളപ്പിൽ പഞ്ചായത്തിലെ സെന്റ് സേവ്യേഴ്സ് സ്കൂളിൽ സ്ഥാപിച്ച കിണർ സംപോഷണ പദ്ധതിയും കിണറുകളിലെ ജല നിരപ്പ് രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച അളവ് കോൽ സംവിധാനവും ഹരിത വിദ്യാലയത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയിട്ടുള്ള മറ്റ് മണ്ണ് - ജല - ശുചിത്വ സംരക്ഷണ പ്രവർത്തനങ്ങളും ജൈവകൃഷി മാതൃകയും സംഘം കണ്ടു. തുടർന്ന് കാട്ടാക്കട പഞ്ചായത്തിൽ താത്കാലിക തടയണകൾ കെട്ടി ജലസംരക്ഷണം ഉറപ്പു വരുത്തിയ കടുവാക്കുഴി - കൊല്ലോട് - അന്തിയൂർക്കോണം തോടും കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിച്ചിട്ടുള്ള ചിറക്കുഴി കുളവും പ്ലാവൂരിൽ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ചിട്ടുള്ള കാർഷിക കുളങ്ങളും മത്സ്യകൃഷി നടത്തുന്ന മാത്രക്കോണം കുളവും സംഘം സന്ദർശിച്ചു.
മാറനല്ലൂർ പഞ്ചായത്തിൽ മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പുനരുദ്ധരിച്ച പെരുംകുളം, പുന്നാവൂർ റോഡിന്റെ വശങ്ങളിലെ ഓടകളിൽ തങ്ങി നിന്ന് വെള്ളകെട്ട് ഉണ്ടാക്കുന്ന മഴവെള്ളം ശേഖരിച്ച് മണ്ണിലേക്കിറക്കി റോഡിലെ വെള്ളകെട്ട് ഒഴിവാക്കി ജലം സംരക്ഷിക്കുന്ന വേറിട്ട മാതൃകയും ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കാട്ടാക്കട പഞ്ചായത്തിലെ വിവിധ കുളങ്ങളിൽ സ്ഥാപിച്ച ജലനിരപ്പ് മനസിലാക്കുവാനുള്ള സംവിധാനത്തിന്റെ പ്രവർത്തനവും സംഘം മനസിലാക്കി. ഹരിത കേരളം മിഷൻ വിഭാവനം ചെയ്യുന്ന വെള്ളം, വൃത്തി, വിളവ് എന്ന ആശയത്തെ പൂർണമായും സാക്ഷാത്കരിക്കുന്ന ഒരുത്തമ മണ്ണ് - ജല സംരക്ഷണ മാതൃകയാണ് കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കുന്നതെന്നും പദ്ധതി പ്രദേശം നേരിൽ കാണാനും പ്രവർത്തനങ്ങൾ മനസിലാക്കാനും കഴിഞ്ഞതിൽ സംതൃപ്തരാണെന്നും ഡോ.വി.കെ. രാമചന്ദ്രൻ അറിയിച്ചു.
ചീഫ് (അഗ്രികൾച്ചർ) എസ്.എസ്. നാഗേഷ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘത്തെ ഐ.ബി. സതീഷ് എം.എൽ.എ, ലാന്റ് യൂസ് ബോർഡ് കമ്മിഷണർ എ. നിസ്സാമുദീൻ, പദ്ധതി പ്രദേശങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ സംഘത്തെ സ്വീകരിച്ചു.