corporation2

തിരുവനന്തപുരം: കോർപറേഷന്റെ വാർഷിക പദ്ധതികൾ പുനഃക്രമീകരിക്കാനുള്ള നിർദ്ദേശം കൗൺസിൽ തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിൽ അനുവദിച്ച പദ്ധതികൾ വെട്ടിക്കുറച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. വിഷയം കൗൺസിൽ വോട്ടെടുപ്പിലൂടെ മാത്രം പാസാക്കിയാൽ മതിയെന്ന ആവശ്യത്തിൽ ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർ ഉറച്ചു നിന്നതോടെ വിഷയം അടുത്ത കൗൺസിലിലേക്ക് മാറ്റിവയ്ക്കാൻ മേയർ വി.കെ. പ്രശാന്ത് തീരുമാനിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ചാണ് പദ്ധതിയിലെ മാറ്റങ്ങൾ കൗൺസിലിൽ അവതരിപ്പിച്ചത്. എന്നാൽ പദ്ധതികളിൽ വരുത്തിയ മാറ്റങ്ങൾ ജനപ്രതിനിധികൾ അറിഞ്ഞില്ലെന്ന പരാതിയുമായി എതിർ കക്ഷികളിലെ കൗൺസിലർമാർ രംഗത്തെത്തി. ഇടതുപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ ഉപേക്ഷിച്ച പദ്ധതികൾക്ക് പകരം പദ്ധതികൾ കണ്ടെത്തിയെന്നും എന്നാൽ ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിൽ ലക്ഷക്കണക്കിന് രൂപ അനുവദിച്ചത് ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുകയും ചെയ്തെന്ന് തിരുമല അനിൽ ആരോപിച്ചു. ഇത് യു.ഡി.എഫിലെ ജോൺസൺ ജോസഫ്, ബീമാപള്ളി റഷീദ്, ഡി. അനിൽകുമാർ എന്നിവർ ശരിവച്ചു. എസ്. അനിത, പീറ്റർ സോളമൻ, വി.ആർ. സിനി, മഞ്ജു .ജി.എസ് എന്നിവരെല്ലാം പദ്ധതികൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധവുമായി രംഗത്തെത്തി. വി.ജി. ഗിരികുമാറും, എം.ആർ. ഗോപനും ഈ തീരുമാനം വോട്ടിനിടണമെന്ന് നിർദ്ദേശിക്കുകയും യു.ഡി.എഫ് കൂടി വോട്ടിടലിനെ പിന്തുണയ്ക്കുകയും ചെയ്തു.
കൗൺസിലർമാരും ഉദ്യോഗസ്ഥരും ചേർന്ന് എഴുതി നൽകിയതനുസരിച്ചാണ് പദ്ധതികൾ പുനഃക്രമീകരിച്ചതെന്ന് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വഞ്ചിയൂർ പി. ബാബു പറഞ്ഞു. രാഷ്ട്രീയം നോക്കിയാണെന്നുള്ള ആരോപണം ശരിയല്ല. നടപ്പാക്കാനാവാത്ത പദ്ധതികൾ ഒഴിവാക്കിയാലേ പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താനാകൂ എന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.
നടപ്പാക്കാനാവാത്ത പദ്ധതികളുടെ തുക പാഴാക്കാതിരിക്കാൻ പുനഃക്രമീകരണം ആവശ്യമാണെന്ന് മേയർ ചൂണ്ടിക്കാട്ടി. പദ്ധതി നടത്തിപ്പിന് തടസം വരാത്ത രീതിയിലാണ് ചിലതിൽ നിന്നു താത്കാലികമായി പണം പിൻവലിച്ചത്. വാർഷിക പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെങ്കിൽ കൗൺസിൽ അംഗീകരിക്കണമെന്ന് മേയർ നിർദ്ദേശിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
റിലയൻസ് കമ്മ്യൂണിക്കേഷന്റെയും ജിയോ ഇൻഫോകോമിന്റെയും പോളുകളും കേബിളുകളും സ്ഥാപിക്കുന്നതിനുള്ള നിരക്ക് തീരുമാനിക്കാനുള്ള രണ്ട് അജൻഡകൾ വന്നെങ്കിലും തുക സംബന്ധിച്ച വ്യത്യാസം ചൂണ്ടിക്കാണിച്ച് ബി.ജെ.പി രംഗത്തെത്തി. തുടർന്ന് വിഷയം അടുത്ത കൗൺസിലിലേക്ക് മാറ്റാൻ തീരുമാനിച്ചു.