നെയ്യാറ്റിൻകര: ആലുംമൂട് ജംഗ്ഷനിൽ ഓടിട്ട കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂട്ടർ വർക്ക്ഷോപ്പ് പൂർണമായും കത്തി നശിച്ചു. മാരായമുട്ടം സ്വദേശി സുദർശനന്റെ ഉടമസ്ഥതയിലുള്ള സുദർശൻ വർക്ക്ഷോപ്പ് ആണ് ഇന്നലെ രാവിലെ ഒൻപതോടെ കത്തിനശിച്ചത്. വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ നിന്ന് ഫയർഫോഴ്സെത്തി തീ അണച്ചെങ്കിലും വർക്ക്ഷോപ്പ് പൂർണമായും കത്തി നശിച്ചിരുന്നു. തീ വ്യാപിക്കാതിരിക്കാനായി പൊലീസ് നിർദ്ദേശപ്രകാരം സമീപത്തെ കടകളിൽ നിന്നും സാധനങ്ങൾ പൂർണമായി മാറ്റി. രാവിലെ അഞ്ചിന് തുറന്ന വർക്ക്ഷോപ്പിൽ സ്കൂട്ടർ നന്നാക്കുന്ന ജോലി കഴിഞ്ഞ് സുദർശനൻ വീട്ടിലേക്ക് പോയി മടങ്ങി വന്നപ്പോഴാണ് കടയിൽ തീ ആളിപ്പടരുന്നതായി കണ്ടത്. കടയ്ക്കുള്ളിലെ ഓയിൽ ടാങ്കുകളും ബൈക്കുകളും കത്തി നശിച്ചിട്ടുണ്ട്. വർക്ക്ഷോപ്പിന്റെ മുൻവശം അലുമിനിയം ഷീറ്റും അകത്തെ മുറികൾ ഓടിട്ടവയുമാണ്. പത്ത് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി കണക്കാക്കപ്പെടുന്നു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് മാസം മുൻപ് ഇതേ ജംഗ്ഷനിൽ അശ്വതി ഫർണിച്ചർമാർട്ട് എന്ന കടയിലും ഷോർട്ട് സർക്യൂട്ട് കാരണം തീപിടിത്തമുണ്ടായിരുന്നു. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.