ആറ്റിങ്ങൽ: തെ‍ഞ്ചേരിക്കോണത്തുകാരുടെ ഗതാഗത സൗകര്യം തകർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. അത്രയ്ക്ക് മോശമാണ് മണമ്പൂർ പഞ്ചായത്തിൽപ്പെട്ട റാം നഗർ മുതൽ തെഞ്ചേരിക്കോണം കടന്നു പോകുന്ന ഒരു കിലോമീറ്റർ റോ‌ഡ്.

ഈ റോഡ് ടാർ ചെയ്തിട്ട് വർഷം പത്ത് കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു കാൽ നട പോലും ദുസഹമായിരിക്കുകയാണ്. മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിനിന്ന് ഗട്ടർ കാണാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. ഈ മാസം തന്നെ ഗട്ടറിൽ തെന്നിവീണ് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു.

ഈ റോഡ‌ുവഴി എളുപ്പത്തിൽ ചാത്തമ്പറ,​ മണമ്പൂര് എന്നീ ജംഗ്ഷനുകളിൽ എത്താൻ കഴിയും. സർവീസ് ബസുകൾ ഇതുവഴി ഇല്ലെങ്കിലും നിരവധി സ്കൂൾ ബസുകളും സ്വകാര്യ വാഹനങ്ങളും ഇതുവഴി ഓടുന്നുണ്ട്. കൂടാതെ ഈ റോഡിലാണ് ഒരു സ്വകാര്യ സ്കൂളും അങ്കൻവാടിയും ചരിത്ര പ്രസിദ്ധമായ ഉമാ മഹേശ്വര ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. റോഡ് ഉമാമഹേശ്വര ക്ഷേത്രത്തിൽ എത്തുമ്പോൾ പഞ്ചായത്തിലെ മൂന്നു വാർഡുകളുടെ സംഗമ സ്ഥാനമായി റോഡ് മാറുകയാണ്. 6,​ 7, 8 വാർഡുകളാണ് ഇവിടെ സംഗമിക്കുന്നത്. എന്നിട്ടും ആരും ഈ റോഡിനെ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

sep24c