തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം നവംബർ 21ന് ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്ഷേത്രദർശനത്തിനും മകര ശീവേലി തൊഴാനും ഭക്തരുടെ വൻസംഘം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8 ദിവസം വീതമുള്ള 7 വേദജപങ്ങൾ ചേർന്നതാണ് ഒരു മുറജപം. 56 ദിവസത്തെ മുറജപം 2020 ജനുവരി 15ന് നടക്കുന്ന ലക്ഷദീപത്തോടെ സമാപിക്കും. സമാപനത്തിന് ക്ഷേത്രഗോപുരവും പദ്മതീർത്ഥക്കരയും ദീപപ്രഭയിൽ ആറാടും. ദിവസവും രാവിലെ 6.30 ന് മന്ത്രോച്ഛാരണം ആരംഭിക്കും. വേദപണ്ഡിതന്മാർ പങ്കെടുക്കുന്ന മുറജപത്തിന്റെ തുടക്കത്തിൽ നടത്തുന്ന ജലജപം പ്രധാന ചടങ്ങാണ്. വേദപണ്ഡിതരെല്ലാം ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തിൽ പദ്മതീർത്ഥത്തിലാണ് ജലജപം നടത്തുന്നത്. വടക്കൻ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിൽ നിന്നും ധാരാളം പണ്ഡിതന്മാർ ജപം വീക്ഷിക്കുന്നതിനും പങ്കെടുക്കുന്നതിനുമായി എത്തും. 2014ലായിരുന്നു കഴിഞ്ഞ മുറജപം. ഇക്കുറി നവംബർ 21ന് ഒന്നാം മുറജപം തുടങ്ങും. രാത്രി സിംഹാസന വാഹനത്തിൽ പൊന്നും ശീവേലി നടക്കും. 28ന് ആദ്യമുറ അവസാനിക്കും. 29ന് തുടങ്ങുന്ന രണ്ടാം മുറജപം ഡിസംബർ 6നും, അടുത്ത ദിവസം തുടങ്ങുന്ന മൂന്നാം മുറജപം 14നും, 15ന് തുടങ്ങുന്ന നാലാം മുറജപം 22നും, 23ന് തുടങ്ങുന്ന അഞ്ചാം മുറജപം 30നും അവസാനിക്കും. ഡിസംബർ 31ന് തുടങ്ങുന്ന ആറാം മുറജപം ജനുവരി 7ന് സമാപിക്കും. 8ന് ആരംഭിക്കുന്ന അവസാനത്തെ ഏഴാം മുറജപം 15ന് അവസാനിക്കും. ഉത്തരായന ആരംഭവും മകരം ഒന്നും ചേർന്ന 15നാണ് ലക്ഷദീപം. രാത്രി മകര ശീവേലി ഉണ്ടായിരിക്കും. മുറജപത്തിന്റെ ഓരോ മുറയും അവസാനിക്കുന്ന ദിവസം രാത്രി ക്ഷേത്രത്തിൽ വിവിധ വാഹനങ്ങളിൽ പൊന്നും ശീവേലി ഉണ്ടായിരിക്കും.
വേദജപം, മന്ത്രജപം, സഹസ്രനാമജപം, ജലജപം എന്നിങ്ങനെയുള്ള ഉപാസനകൾ മുറപോലെ നടക്കുന്നത് കൊണ്ടാണ് ചടങ്ങിനെ മുറജപം എന്നു വിളിക്കുന്നത്.
മുറജപത്തിന്റെ ചരിത്രം
പുരാതന തിരുവിതാംകൂർ രാജ്യത്തിൽ ആറു വർഷത്തിലൊരിക്കൽ ശ്രീപദ്മനാഭ സ്വാമിയുടെ പ്രീതിക്കായി നടത്തിവന്നിരുന്ന യാഗമാണ് മുറജപം. ഇത് ആരംഭിച്ചത് മാർത്താണ്ഡവർമ്മ മഹാരാജാവാണ്. രാജ്യഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവമല്ലാതെ ഉണ്ടാകുന്ന പാപങ്ങളുടെ പരിഹാരക്രിയയെന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്. ഇതിന്റെ കാർമ്മികത്വത്തിലേക്കായി പ്രശസ്തരായ ഓത്തന്മാർ (വേദ പാണ്ഡിത്യമുള്ള ബ്രാഹ്മണന്മാർ) ഒത്തുചേരും. മുറജപ പര്യവസാന ഘട്ടത്തിൽ തിരുവിതാംകൂർ മഹാരാജാവ് എഴുന്നള്ളി ശ്രീപദ്മനാഭ സ്വാമിക്ക് ആനയെ നടയ്ക്കിരുത്തും.