തിരുവനന്തപുരം: ഇന്ധനവില മെല്ലെ മെല്ലെ കൂടുകയാണ്, വർദ്ധനയുടെ ആഘാതം അത്രവേഗം ആരുടെയും ശ്രദ്ധയിൽപ്പെടാതെ. കാരണം പടിപടിയായാണ് കയറ്റം. ആറു പൈസ, ഏഴു പൈസ, 14 പൈസ, 25 പൈസ... അങ്ങനെ 13 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 2.43 രൂപ. ഡീസലിന് 2.08 രൂപയും!
ഇന്നും വില കൂടും. രാവിലെ ആറിന് പുതിയ വില പമ്പുകൾ ഈടാക്കിത്തുടങ്ങുകയും ചെയ്യും.
ഈ മാസം 11ന് പെട്രോൾ വില ലിറ്ററിന് 75.10 രൂപ ആയിരുന്നു. ഡീസൽ 70.06 രൂപ. ഇന്നലെ തിരുവനന്തപുരത്തെ വില യഥാക്രമം 77.53 രൂപ, 72.14 രൂപ. പ്രിമിയം പെട്രോൾ വില 78ൽ നിന്ന് 80.45 രൂപയിലെത്തി. ഈ പോക്കു പോയാൽ വർദ്ധന അഞ്ചു രൂപയാകാൻ ദിവസങ്ങൾ മതി.
ഇന്ധനവില വർദ്ധനയ്ക്കൊപ്പം പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിച്ചതു തുടങ്ങിയത് സാധാരണക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. പാൽവില കൂടിയിതിന്റെ പേരിൽ ഹോട്ടലുകളിൽ ചായയ്ക്കും പലഹാരത്തിനുമൊക്കെ വില തോന്നും പോലെ വർദ്ധിപ്പിച്ചു. പാൽ തൊട്ടുതീണ്ടാത്ത കട്ടൻചായയ്ക്കു പോലും വില കൂടി!
ഈ മാസം 11 വരെ വലിയ മാറ്റമില്ലാതെ പോയ ഇന്ധന വില 12 മുതലാണ് വർദ്ധിച്ചു തുടങ്ങിയത്. ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെയും യു.എസ് - ചൈന വ്യാപാര യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കൂടിയതോടെയാണ് ഇവിടെയും വില വർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
വില കൂടുന്നത് ഇങ്ങനെ
തീയതി പെട്രോൾ ഡീസൽ എന്ന ക്രമത്തിൽ
സെപ്തം 11 75.10, 70.06
12 75.16, 70.16
13 75.23, 70.26
14 75.31, 70.35
15 75.38, 70.41
17 75.52, 70.57
18 75.77, 70.83
19 76.07, 71.03
20 76.43, 71.32
21 76.63, 71.57
22 77.00. 71.79
23 77.30, 71.99
24 77.53, 72.14
♦ സംസ്ഥാനത്ത് പെട്രോളിന്റെ റെക്കാഡ് വില 87.45 (2018 ഒക്ടോബർ 4ന്)