dd

നെയ്യാറ്റിൻകര : യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. മഞ്ചവിളാകം ഇലിപ്പോട്ടുകോണം ദിലീപ് വിലാസത്തിൽ രാധിക (24) ആണ് കഴിഞ്ഞ 26 ന് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. നെയ്യാറ്റിൻകര കുളത്താമ ഗുരുനഗറിൽ ഷിജുവാണ് രാധികയുടെ ഭർത്താവ്. ഇവർ പ്രണയിച്ച് വിവാഹിതരായവരാണ്. ഷിജു മദ്യപിച്ച് രാധികയെ മർദ്ദിക്കാറുണ്ടെന്നും, മാരായമുട്ടം പൊലീസിലും നെയ്യാറ്റിൻകര വനിതാ സെല്ലിലും യുവതി പരാതി നൽകിയിരുന്നതായും ബന്ധുക്കൾ പറയുന്നു. രാധിക ജോലി ചെയ്യുന്ന സ്ഥലത്തുപോയി ഭർത്താവ് അസഭ്യം പറയാറുണ്ടായിരുന്നു. ഗൃഹോപകരണങ്ങൾ അടിച്ച് തകർത്ത് വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാറുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇതെല്ലാമാണ് യുവതി ആത്മഹത്യ ചെയ്യാനിടയാക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രാധികയുടെ താലി ഭർത്താവിന്റെ സഹോദരി പൊട്ടിച്ചെടുത്തതായും യുവതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. മാരായമുട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.