തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്‌ക്കിടെ 'റാങ്കുകാരായ" പ്രതികൾക്ക് എസ്.എം.എസ് ലഭിച്ചെന്ന് ഹൈടെക് സെൽ ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകി. പ്രതികളായ നസീം, പ്രണവ്, ശിവരഞ്ജിത്ത്, സഫീർ, ഗോകുൽ എന്നിവരുടെ ഫോൺ രേഖകളാണ് കൈമാറിയത്. ഉത്തരങ്ങൾ എസ്.എം.എസായി അയച്ച സഫീർ, ഗോകുൽ എന്നിവരുടെ ടവർ ലൊക്കേഷൻ യൂണിവേഴ്സിറ്റി കോളേജ് പരിസരമായിരുന്നു. മറ്റൊരു ഫോണുപയോഗിച്ചാണ് നസീം തട്ടിപ്പ് നടത്തിയത്. പരീക്ഷ നടന്ന 2018 ജൂലായ് 22ന് ഉച്ചയ്‌ക്ക് രണ്ടിനും 3.15നും ഇടയിലാണ് പ്രതികളുടെ വാച്ചിലേക്ക് എസ്.എം.എസായി ഉത്തരങ്ങളെത്തിയത്. ഒന്നര മുതൽ എസ്.എം.എസുകൾ എത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്. പ്രതികളുടെ സ്മാർട് വാച്ചും ഫോണും തമ്മിലുള്ള ബ്ലൂടൂത്ത് കണക്‌ഷൻ നഷ്ടപ്പെടാതിരിക്കാനാണ് നിരന്തരം എസ്.എം.എസ് അയച്ചത്. 2.05 വരെ അയച്ച സന്ദേശങ്ങളെല്ലാം ശൂന്യമായിരുന്നു. കുത്തോ, കോമയോ, അക്ഷരങ്ങളോ രേഖപ്പെടുത്തിയശേഷം അയയ്‌ക്കുകയായിരുന്നു. ഇതിനുശേഷമാണ് ചോദ്യപേപ്പർ പുറത്തെത്തിച്ച് ഉത്തരങ്ങളയച്ചത്.
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും കാസർകോട് കെ.എ.പി നാലാം ബറ്റാലിയൻ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരനുമായ ശിവരഞ്ജിത്തിന്റെ വാച്ചിലേക്ക് രണ്ടു ഫോണുകളിൽ നിന്നും 96 സന്ദേശങ്ങളാണ് വന്നത്. പരീക്ഷ ആരംഭിക്കുന്ന സമയത്തും അതിനു മുമ്പുമാണ് ഒമ്പത് സന്ദേശങ്ങളെത്തിയത്. ആറെണ്ണം 2.08നും 2.15നും ഇടയിലും, 81 എണ്ണം 2.15നും 3.15നും ഇടയിലുമെത്തി.
രണ്ടാം റാങ്കുകാരനായ പ്രണവിന്റെ വാച്ചിലേക്ക് പരീക്ഷാ സമയത്ത് 78 സന്ദേശങ്ങളെത്തി. 2.04ന് ശേഷമാണ് സന്ദേശങ്ങളെല്ലാമെത്തിയത്. കേസിലെ രണ്ടാം പ്രതിയും 28-ാം റാങ്കുകാരനുമായ നസീം പി.എസ്.സിയിൽ രജിസ്റ്റർ ചെയ്‌ത ഫോണിലേക്ക് സന്ദേശങ്ങളെത്തിയിട്ടില്ല. പകരം ഉപയോഗിച്ച നമ്പർ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നസീമും ശിവരഞ്ജിത്തും പ്രണവും കാസർകോട് ജില്ലയിൽ അപേക്ഷ നൽകിയ ശേഷം തിരുവനന്തപുരത്ത് സെന്റർ ഓപ്ഷൻ തിരഞ്ഞെടുത്ത് പരീക്ഷയെഴുതുകയായിരുന്നു.