median-light

നെയ്യാറ്റിൻകര: കാഞ്ഞിരംകുളം പഞ്ചായത്തിൽ കരിച്ചൽ വാർഡിലെ നെടിയകാല റോഡിലും മരപ്പാലം മുതൽ കാവിലതട്ട് വരെ എൻ.എച്ച് നിലവാരത്തിലുള്ള വിഴിഞ്ഞം - പൂവാർ റോഡിൽ തെരുവ് വിളക്കുകൾ കത്താറില്ല, റോഡാകട്ടെ നിറയെ വെള്ളക്കെട്ടും. റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി കത്തുകയോ മെയിന്റനൻസ് ചെയ്യുകയോ ചെയ്യാറില്ല. എന്നാൽ തെരുവ് നായ്ക്കളുടെ ശല്യവും വാഹനങ്ങളുടെ അമിത വേഗതയും തെരുവ് വിളക്കുകളുടെ ആവശ്യകത വർദ്ധിപ്പിച്ചിരിക്കുകയാണ്. തെരുവ് വിളക്കുകൾ കത്തിക്കേണ്ടതും മെയിന്റനൻസ് ചെയ്യേണ്ടതും ഗ്രാമപഞ്ചായത്താണ്. എന്നാൽ ബന്ധപ്പെട്ട അധികാരികൾക്ക് റസിഡന്റ്സ് അസോസിയേഷനുകൾ നിവേദനം നൽകിയിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നും പരാതിയുണ്ട്.

വിഴിഞ്ഞം- പൂവാർ റോഡ് നിർമ്മാണ വേളയിൽ പി.ഡബ്ല്യ.ഡി വക ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയതിനാൽ കരിച്ചൽ ജംഗ്ഷൻ മുതലുള്ള ഓട നിർമ്മാണം മുടങ്ങി. ഇതോടെ ചെറിയ മഴപെയ്താൽ പോലും ജംഗ്ഷനിൽ വൻ വെള്ളക്കെട്ട് രൂപപ്പെടും. നിലവിൽ കാൽനട യാത്രപോലും ദുഃസഹമായിരിക്കുകയാണ്.

കരിച്ചൽ ജംഗ്ഷനിലെ തെരുവ് വിളക്കുകൾ കത്തിക്കണമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തരമായി ഓട നിർമ്മിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.