തിരുവനന്തപുരം: അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികളെയല്ലാതെ അവരുടെ കൂടെ വരുന്നവരെ പരീക്ഷാ കേന്ദ്രത്തിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്നതുൾപ്പെടെയുള്ള പരിഷ്കരിച്ച മാർഗരേഖകൾ പി.എസ്.സി പുറത്തിറക്കി. കൂടുതൽ പേർ അപേക്ഷിക്കുന്ന പരീക്ഷകൾ ഘട്ടം ഘട്ടമായി നടത്തുന്നതടക്കം പരീക്ഷാരീതി പൊളിച്ചെഴുതിക്കൊണ്ടുള്ള പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗരേഖ പി.എസ്.സി അംഗീകരിച്ചത്.
അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാസമയത്തിനു 15 മിനിട്ട് മുൻപ് മാത്രമേ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാഹാളിലേക്ക് പ്രവേശനം അനുവദിക്കുകയൂള്ളൂ. അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ, പേന (നീല/കറുപ്പ് ബോൾപോയിന്റ്) ഇവ മാത്രമേ കൈവശം വയ്ക്കാവു. തങ്ങൾക്കനുവദിച്ചിട്ടുളള സീറ്റുകളിൽ മാത്രമേ ഇരിക്കാൻ പാടുള്ളൂ. കുടിവെള്ളവും സമയമറിയാൻ ക്ലോക്കും പരീക്ഷാ ഹാളിൽ ഉണ്ടായിരിക്കും.
ഇവയ്ക്കു പ്രവേശനമില്ല
1. സ്റ്റേഷനറി
പാഠ്യവസ്തുക്കൾ (അച്ചടിച്ചതോ, എഴുതപ്പെട്ടതോ), കടലാസ് തുണ്ടുകൾ, ജ്യോമിതീയ ഉപകരണങ്ങൾ, ബോക്സുകൾ, പ്ലാസ്റ്റിക് കവർ, റബർ, എഴുത്ത് പാഡ്, ലോഗരിതം പട്ടിക, പഴ്സ്, പൗച്ച്, കാമറ, ബ്ലൂടൂത്ത് തുടങ്ങിയവ പോലുള്ള വിനിമയ ഉപകരണങ്ങളും അവ ഒളിപ്പിക്കുവാൻ തരത്തിലുള്ള ലോഹ/പ്ലാസ്റ്റിക് വസ്തുക്കളും
2. ഇലക്‌ട്രോണിക് ഉപകരണങ്ങൾ
പെൻഡ്രൈവ്, കാൽക്കുലേറ്റർ, ഇലക്‌ട്രോണിക് പേന, സ്‌കാനർ, ഹെൽത്ത് ബാൻഡ്, കാമറാ പെൻ
3. വിനിമയ ഉപകരണങ്ങൾ
മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർ ഫോൺ, മൈക്രോഫോൺ, പേജർ
4. വാച്ചുകൾ
റിസ്റ്റ് വാച്ച്, സ്മാർട്ട് വാച്ച്, കാമറ വാച്ച്
5. ഭക്ഷണവസ്തുക്കൾ
പൊതിഞ്ഞതോ അല്ലാത്തതോ ആയ ഭക്ഷണവസ്തുക്കൾ, കുപ്പിവെള്ളം
നിർദ്ദേശങ്ങൾ അനുസരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ പി.എസ്.സിയുടെ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നു സ്ഥിരമായി വിലക്കുന്നതടക്കമുള്ള നടപടികൾക്ക് വിധേയരാക്കും
- പി.എസ്.സി