fishermen

തിരുവനന്തപുരം: കടലാക്രമണത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വസ്തു വാങ്ങുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്ത് നൽകാൻ കോർപറേഷൻ തീരുമാനിച്ചു. വലിയതുറ കൗൺസിലർ ഷീബ പാട്രിക് അവതരിപ്പിച്ച പ്രമേയം നഗരസഭ ഒറ്റക്കെട്ടായി പാസാക്കുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് വസ്തുവാങ്ങി വീടുവയ്ക്കുന്നതിന് ഫിഷറീസ് വകുപ്പ് 10 ലക്ഷം രൂപയുടെ ധനസഹായമാണ് നൽകുന്നത്. ഈ ധനസഹായം കൈപ്പറ്റി വസ്തു വാങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് ഭാരിച്ച തുകയാണ് നിലവിൽ സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകേണ്ടി വരുന്നത്. ഈ ചെലവ് മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാവുന്നതിലും അധികമാണെന്നും ഇക്കാരണത്താൽ സ്വന്തമായി വീടെന്നത് സ്വപ്നമായി അവശേഷിക്കുകയാണെന്നും മുസ്ലിംലീഗ് നേതാവ് ബീമാപള്ളി റഷീദും ബി.ജെ.പി നേതാവ് എം.ആർ. ഗോപനും ചൂണ്ടിക്കാട്ടി. നിലവിൽ ഭൂരഹിത/ഭവനരഹിത, പട്ടികജാതി/പട്ടികവർഗക്കാർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ സർക്കാർ ഉത്തരവ് പ്രകാരം നൽകിവരുന്ന ഇളവ് കടലാക്രമണത്തിൽ സകലതും നഷ്ടമായ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും ബാധകമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.