railway-bridge


ചിറയിൻകീഴ്: ചിറയിൻകീഴിലെ ഓവർബ്രിഡ്‌ജ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സ്ഥലമേറ്റെടുക്കൽ തുടരുന്നു. സ്ഥലമേറ്റെടുക്കലിന് തടസവാദം ഉന്നയിച്ച അഞ്ച് സ്ഥാപനങ്ങളെ ഇന്നലെ പൊലീസ് സഹായത്തോടെ റവന്യൂ അധികൃതർ ഒഴിപ്പിച്ചു. സ്ഥലമേറ്റെടുക്കുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം സർക്കാർ നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെയും ഭൂമിയുടെയും ഉടമകൾ നേരത്തെ നഷ്ടപരിഹാരം കൈപ്പറ്റിയിരുന്നു. കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം കിട്ടിയില്ലെന്ന് ആരോപിച്ച് ഇവർ ലോകായുക്തയെ സമീപിച്ചു. ഈ കേസ് പരിഗണനയിലാണ്. ഭൂമി പൂർണമായും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തുനൽകിയാൽ മാത്രമേ നിർമ്മാണം ആരംഭിക്കാൻ കഴുയൂവെന്ന് റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ സർക്കാരിനെ അറിയിച്ചു. ഇതനുസരിച്ച് സർക്കാർ പൊതുമരാമത്ത് വകുപ്പിന് ഭൂമി എത്രയും വേഗം കൈമാറാൻ നിർദ്ദേശം നൽകുകയായിരുന്നു. തടസവാദവുമായി നിന്ന പത്തോളം പേരെ ചിറയിൻകീഴ് പൊലീസ് അറസ്റ്റുചെയ്‌തുനീക്കി.