തിരുവനന്തപുരം: ആറുമാസത്തിലേറെയായി കോർപറേഷൻ ഓഫീസിലെത്താത്ത ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണമെന്ന് മേയറും സെക്രട്ടറിയും ഉറപ്പിച്ച് പറഞ്ഞിട്ടും തീരുമാനമെടുക്കാതെ കൗൺസിൽ. ജീവനക്കാർക്കെതിരെയുള്ള അഴിമതി അടക്കമുള്ള പരാതികളിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെടുന്ന കൗൺസിലർമാർ പോലും വ്യക്തമായ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറി. ഓഫീസിൽ നിന്നും കുറേ ഫയലുകളുമായാണ് മണക്കാട് സെക്‌ഷനിലെ ജീവനക്കാരൻ പോയത്. കോർപറേഷൻ അയച്ച നോട്ടീസുകൾ കൈപ്പറ്റാനോ ഫയലുകളും രേഖകളും തിരിച്ച് നൽകാനോ ഇയാൾ തയ്യാറായിട്ടില്ല. ആറ് മാസമായി ഇയാൾ ശമ്പളവും കൈപ്പറ്റിയിട്ടില്ല. വിഴിഞ്ഞം സോണലിൽ ഇരുന്നപ്പോഴും ഈ ജീവനക്കാരനെതിരെ പരാതികളുണ്ടായിരുന്നെന്നും ഇയാൾ ലഹരിക്കടിമയാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഫയലുകൾ നഷ്ടപ്പെട്ടത് ഓഫീസിന്റെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. ബി.ജെ.പിയിലെ അനിൽ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സസ്‌പെൻഷനല്ല ഡിസ്‌മിസ് ചെയ്യണമെന്ന് സർക്കാരിനോട് കൗൺസിൽ ആവശ്യപ്പെടുന്ന കാര്യമാണ് തീരുമാനിക്കേണ്ടതെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. സെക്രട്ടറി എൽ.എസ്. ദീപയും ഇതിനെ ശരിവച്ചു. എന്നാൽ ബി.ജെ.പി, യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാരടക്കം ഈ നിർദ്ദേശത്തെ അനുകൂലിച്ചില്ല. നിയമപരമായ നടപടിയിലെ അവ്യക്തത ചൂണ്ടിക്കാട്ടി ഇവർ എതിർത്തതോടെ ജീവനക്കാരനെ സ്ഥലം മാറ്റണമെന്ന് ഡയറക്ടറോട് ആവശ്യപ്പെടാൻ തീരുമാനിക്കാമെന്ന് മേയർ നിർദ്ദേശിക്കുകയായിരുന്നു.