ബാലരാമപുരം: ബാലരാമപുരം കുടുംബ ആരോഗ്യകേന്ദ്രത്തിൽ 108 ആംബുലൻസ് സേവനം നിറുത്തലാക്കിയതിനെതിരെ കോൺഗ്രസ് അന്തിയൂർ (നോർത്ത്) മണ്ഡലം പ്രവർത്തകർ ആരോഗ്യകേന്ദ്രത്തിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചു. നിലവിൽ ഇവിടെയുള്ള ആംബുലൻസ് പെരുങ്കടവിള പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കം പ്രവർത്തകർ തടഞ്ഞു. പൊലീസിന്റെ സഹായത്തോടെ ആംബുലൻസ് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നിലത്തുകിടന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. വട്ടിയൂർക്കാവ് പി.എച്ച്.സിയിൽ നിന്നു ഒരു വർഷം മുമ്പാണ് ഇവിടെ ആംബുലൻസ് അനുവദിച്ചത്. സ്വകാര്യ ആംബുലൻസുകളെ സഹായിക്കുന്നതിനായി 108 ആംബുലൻസിന്റെ സേവനം ബോധപൂർവം നഷ്ടപ്പെടുത്തുന്നുവെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. പഞ്ചായത്തിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ബാലരാമപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. രവീന്ദ്രൻ, തങ്കരാജൻ, അബ്ദുൾകരീം, യാസിൻ, സനൽ, അമ്പിളിക്കുട്ടൻ, മനു, ഷിബു, ഫിറോസ്, പുന്നക്കാട് ബൈജു എന്നിവർ നേതൃത്വം നൽകി. സർക്കാരിന്റെ പുതിയ ആംബുലൻസ് സംവിധാനം പ്രവർത്തനം ആരംഭിച്ചെങ്കിലും ബാലരാമപുരം ആരോഗ്യകേന്ദ്രത്തിന് ഇതുവരെയും ഒരെണ്ണവും അനുവദിച്ചിട്ടില്ല. ആംബുലൻസിന്റെ സേവനം നിലനിറുത്തണമെന്നും ഇക്കാര്യത്തിൽ ബാലരാമപുരം പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി. പോൾ പറഞ്ഞു.