kpcc

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണ്ണയം ചർച്ച ചെയ്യാനുള്ള കെ.പി.സി.സി തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് രാവിലെയും യു.ഡി.എഫ് യോഗം വൈകിട്ടും ചേരാനിരിക്കെ, കോന്നിയിലെയും അരൂരിലെയും സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ ആശയക്കുഴപ്പം കനത്തു. കോന്നിയുടെ പേരിൽ അടൂർ പ്രകാശ് എം.പിയും പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബുജോർജും കൊമ്പുകോർത്തതും തലവേദനയായി.

വട്ടിയൂർക്കാവിൽ എൻ. പീതാംബരക്കുറുപ്പിന്റെയും എറണാകുളത്ത് ടി.ജെ. വിനോദിന്റെയും പേരുകളിൽ ഏറെക്കുറെ ധാരണയായിട്ടുണ്ട്. എൻ.എസ്.എസിന്റെയും അഭിപ്രായം കണക്കിലെടുക്കുമെന്നാണ് സൂചന.

ലീഗ് മണ്ഡലമായ മഞ്ചേശ്വരമൊഴിച്ചുള്ള നാലിടത്തെയും സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ഇന്ന് തന്നെ ധാരണയിലെത്തിയ ശേഷം ഹൈക്കമാൻഡിന് പട്ടിക കൈമാറാനാണ് നീക്കം. എത്രയും വേഗം തീരുമാനമെടുക്കാൻ ഹൈക്കമാൻഡും നിർദ്ദേശിച്ചിട്ടുണ്ട്.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻ ചാണ്ടിയുമായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി. പേരുകൾ വച്ച് ചർച്ച നടന്നില്ല. സ്ഥാനമൊഴിഞ്ഞ എം.എൽ.എമാരെന്ന നിലയിൽ വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെയും കോന്നിയിൽ അടൂർ പ്രകാശിന്റെയും എറണാകുളത്ത് ഹൈബി ഈഡന്റെയും അഭിപ്രായങ്ങളും കേൾക്കും.

സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കുകയെന്നതും വെല്ലുവിളിയാണ് അടൂർ പ്രകാശ് എം.എൽ.എ സ്ഥാനമൊഴിഞ്ഞതോടെ നിയമസഭയിൽ കോൺഗ്രസിന് ഈഴവ പ്രാതിനിദ്ധ്യമില്ലാതായി. മുസ്ലിം പ്രാതിനിദ്ധ്യവുമില്ലാത്ത സ്ഥിതിയാണ്. കോന്നിയിലോ അരൂരിലോ ഈഴവ പ്രാതിനിദ്ധ്യമുറപ്പാക്കാനാണ് നീക്കം. കോന്നിയിൽ റോബിൻ പീറ്ററിനെ അടൂർ പ്രകാശ് നിർദ്ദേശിക്കുമ്പോൾ, സാമുദായിക പരിഗണന ഉറപ്പാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് വാദിക്കുന്നു.അതിന് ഈഴവ സ്ഥാനാർത്ഥി തന്നെ വേണമെന്നില്ലെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. റോബിൻ പീറ്ററല്ലെങ്കിൽ സഹകരിക്കില്ലെന്ന കടുത്ത നിലപാടിലാണദ്ദേഹം. ഈ സാഹചര്യത്തിൽ അരൂരിൽ ഈഴവ സ്ഥാനാർത്ഥിയെ പരിഗണിക്കാനും നീക്കമുണ്ട്. ഷാനിമോൾ ഉസ്മാന്റെ പേര് തുടക്കത്തിൽ പറഞ്ഞുകേട്ട അരൂരിലിപ്പോൾ പ്രാദേശിക നേതാവായ രാജീവനിലേക്ക് എത്തിനിൽക്കുകയാണ് വട്ടിയൂർക്കാവ്, കോന്നി, എറണാകുളം മണ്ഡലങ്ങളിൽ ഐ ഗ്രൂപ്പും അരൂരിൽ എ ഗ്രൂപ്പും എന്നതാണ് ഗ്രൂപ്പ് സമവാക്യം.