കോവളം: ബൈപാസിൽ കോവളം മുതൽ മുക്കോല വരെയുള്ള സർവീസ് റോഡിലെ ഇറച്ചിവേസ്റ്റ് നിക്ഷേപവും സാമൂഹ്യവിരുദ്ധശല്യവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നടക്കം മാലിന്യവും ചത്തമൃഗങ്ങളെയും ഇവിടെ കൊണ്ട് വന്ന് തള്ളുന്നതും ബൈപാസ് റോഡിനെ
സാമൂഹ്യവിരുദ്ധർ താവളമാക്കുന്നതും തടയാൻ തയാറാകാത്ത അധികൃതരുടെ നിലപാടിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയാണ്. പൊലീസോ ബന്ധപ്പെട്ട അധികൃതരോ ഒരു നടപടിയും സ്വീകരിക്കാത്തതാണ് പ്രതിഷേധമുയരാൻ കാരണം. പ്രദേശത്ത് അസഹ്യമായ ദുർഗന്ധം ഉയരുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും
ഉയർത്തിയിട്ടുണ്ട്. വൈദ്യുതി വിളക്കുകളില്ലാത്ത ബൈപാസ് റോഡ് മയക്കുമരുന്ന് കച്ചവടക്കാരുടെയും
അനാശ്യാസ പ്രവർത്തകരുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാരകേന്ദ്രമാണെന്ന് ആരോപണമുണ്ട്. വലിയ തോതിലുള്ള മയക്കുമരുന്നുമായി ചിലരെ ഏതാനും ആഴ്ചകൾക്ക് മുമ്പ് എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവിടെ നിന്ന് പിടികൂടിയെങ്കിലും തുടർ നടപടികളുണ്ടായില്ല. പൊലീസ് പട്രോളിംഗും ഈ ഭാഗത്ത് കാര്യമായി നടക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇത് സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഇതിൽ പ്രതിഷേധിച്ച് തുമ്പിളിയോട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.