തിരുവനന്തപുരം: മതേതര പ്രസ്ഥാനമായ കോൺഗ്രസ് അതിനനുസരിച്ച് സ്ഥാനാർത്ഥികളെ തീരുമാനിക്കണമെന്ന് അടൂർ പ്രകാശ് എം.പി വാർത്താലേഖകരോട് പറഞ്ഞു. കോന്നിയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അടൂർ പ്രകാശിന്റെ നിലപാടിനെതിരെ പത്തനംതിട്ട ഡി.സി.സി വിമർശനമുയർത്തിയതോടെയാണ് മറുപടിയുമായി അടൂർ പ്രകാശും രംഗത്തെത്തിയത്. ഈ അവസരത്തിൽ ഇത്തരമൊരു പ്രതികരണം വേണ്ടിയിരുന്നോയെന്ന് അത് പറഞ്ഞവരോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോന്നിയിൽ ഒരു ജാതിയിലോ മതത്തിലോ പെട്ടവർ മാത്രമല്ല ഉള്ളത്. തന്റെ വിജയത്തിന് എല്ലാവരും സഹായിച്ചിട്ടുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇത്തരം പ്രതികരണങ്ങൾ നടത്തേണ്ടതുണ്ടോയെന്ന് കെ.പി.സി.സി അംഗം കൂടിയായ പഴകുളം മധുവിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് ചോദച്ചു.
'1996 മുതൽ മത്സരിക്കുകയാണ് ഞാൻ. അന്ന് ഇതിനെക്കാൾ വലിയ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. കോന്നിയിലെ പ്രവർത്തകർക്ക് ഗ്രൂപ്പില്ല, പാർട്ടി തീരുമാനിക്കുന്നവർക്കൊപ്പം അവർ നിൽക്കും. സ്ഥാനാർത്ഥിയെ പാർട്ടിയാണ് തീരുമാനിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാദ്ധ്യതയ്ക്കായിരിക്കണം മുൻതൂക്കമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അതിനനുസരിച്ചുള്ള സ്ഥാനാർത്ഥിയെ അവർ നിശ്ചയിക്കു'മെന്നും അടൂർ പ്രകാശ് പറഞ്ഞു.