ഇളവ് പുതിയ കേന്ദ്ര വിജ്ഞാപനം വരെ
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസുകൾ ഇനി പിഴ കൂടാതെ പുതുക്കി നൽകും. ഇതു സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ ആർ.ടി.ഒമാർക്ക് നിർദ്ദേശം നൽകി.
ഗതാഗത ചട്ട ഭേദഗതിയനുസരിച്ച് കേന്ദ്രസർക്കാർ നിർദ്ദേശിച്ച ഉയർന്ന പിഴ ഈടാക്കുന്നത് സംസ്ഥാന സർക്കാർ താത്കാലികമായി മരവിപ്പിച്ചെങ്കിലും കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ കൂടിയ പിഴയായ 1100 രൂപ ഈടാക്കി വരികയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സെപ്തംബർ 15ന് 'ലൈസൻസ് പുതുക്കൽ: ജനദ്രോഹം തുടരുന്നു' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വ്യാപകമായ ജനരോഷമുയർന്നതിനെ തുടർന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ട്രാൻസ്പോർട്ട് കമ്മിഷർക്കു നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേന്ദ്ര ചട്ട ഭേഗഗതിപ്രകാരം സർക്കാർ നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ പുതിയ വിജ്ഞാപനം വരുന്നതുവരെ ലൈസൻസ് പുതുക്കലിന് പിഴ ഈടാക്കില്ല. കാലവധി കഴിഞ്ഞ് ഒരു വർഷത്തിനകം ലൈസൻസ് പുതുക്കുന്നവർക്കാണ് ഈ ആനുകൂല്യം. എന്നാൽ കാലാവധിയും ഒരു മാസത്തെ ഗ്രേസ് പിരീഡും കഴിഞ്ഞ ലൈസൻസോടെ വാഹനമോടിച്ച് അപകടം വരുത്തിയാൽ നിലവിലെ നിയമ പ്രകാരം കേസെടുക്കും.
പിഴകൂടാതെ ലൈസൻസ് പുതുക്കാൻ നേരത്തേ 30 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരുന്നത്. എന്നാൽ ഇതിന് ഒരു വർഷത്തേക്ക് സാധാരണ ഫീസ് മാത്രമേ ഊടാക്കാവൂ എന്നാണ് ഇപ്പോഴത്തെ നിർദ്ദേശം.
ആട്ടോറിക്ഷാ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞാൽ 10,000 രൂപ പിഴ ഈടാക്കുന്നതും പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇത് 3000 രൂപയായി കുറയ്ക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.