jada

കിളിമാനൂർ: വിനോദ സഞ്ചാര സീസണ് തുടക്കം കുറിക്കാനിരിക്കെ ലോക ടൂറിസം ഭൂപടത്തിലേക്ക് പറന്നുയരാൻ ചിറക് വിടർത്തിയിരിക്കുകയാണ് ജില്ലാ അതിർത്തിക്ക് സമീപം ചടയമംഗലത്ത് സ്ഥിതിചെയ്യുന്ന ജഡായു എർത്ത് സെന്റ‌ർ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്പങ്ങളിൽ ഒന്നായ ജഡായുപ്പാറയിൽ പുരാണവും ഐതിഹ്യവും സാഹസികതയുമായി നിരവധി വിസ്‌മയങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരള ടൂറിസത്തിന്റെ ആദ്യത്തെ സ്വകാര്യ സംരംഭമാണിത്. സമുദ്ര നിരപ്പിൽ നിന്ന് 750 അടി ഉയരത്തിലും 250 അടി നീളത്തിലും 200 അടി വീതിയിലും 1000 കോടി രൂപ ചെലവിൽ 100 ഏക്കറിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. ചെങ്കുത്തായ പാറയുടെ മുകളിലെത്താൻ ഇലക്ട്രിക് കാർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ശില്പത്തിന്റെ ചിറകിലൂടെ അകത്ത് കടന്നാൽ മറ്റൊരു ചിറകിനടിയിൽ 6 ഡിയിൽ രാമായണത്തിന്റെ ലഘു ദൃശ്യാവിഷ്‌കാരവും തുടർന്ന് മ്യൂസിയവും കാണാം. അഞ്ചാം നിലയിൽ ശില്പത്തിന്റെ കൊക്കിലെത്തി പക്ഷിയുടെ കണ്ണിലൂടെ പുറം കാഴ്ചകളും കാണാം. കേരളത്തിലെ ആദ്യ ഹെലികോപ്ടർ ടൂറിസമാണ് ഇവിടെയുള്ളത്. പുരാണവും ഐതിഹ്യവും, സാഹസിക വിനോദം, ഹെൽത്ത് ടൂറിസം, പിൽഗ്രിം ടൂറിസം എന്നിങ്ങനെ നാലുതരത്തിലുള്ള ടൂറിസമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പുരാണവും ഇതിഹാസവും

----------------------------------------------------------

ചടയമംഗലത്തിന് രാമായണവുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിശ്വാസം. സീതാദേവിയെ തട്ടിക്കൊണ്ട് പോയ രാവണനെ ഇവിടെ വച്ച് ജഡായു മാർഗ തടസമുണ്ടാക്കി. തുടർന്നുള്ള യുദ്ധത്തിൽ രാവണന്റെ ആക്രമണത്തിൽ ചിറകറ്റ് ജഡായു ഈ പാറപ്പുറത്ത് വീണെന്നാണ് ഐതിഹ്യം. ശില്പത്തിന് സമീപം ജഡായുവിന്റെ ക്കൊക്കുരഞ്ഞ് എന്ന വിശ്വാസമുള്ള സ്ഥലവും മോക്ഷത്തിനായെത്തിയ രാമന്റെ കാല്പാട് ഏറ്റ് രൂപപ്പെട്ടെന്ന് വിശ്വസിക്കുന്ന ഒരിക്കലും വറ്റാത്ത കുളവും കാണാം.

പദ്ധതി തയ്യാറാക്കിയത് - ചലച്ചിത്ര സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചൽ

 പദ്ധതി തുക - 1000 കോടി  100 ഏക്കർ സ്ഥലം  സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം - 750 അടി