തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കൾ ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തി പരിചയമുള്ളവരാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഓരോ വോട്ടുകച്ചവടത്തിലും അളവിന്റെയും തൂക്കത്തിന്റെയും സ്ഥലത്തിന്റെയും വ്യത്യാസം മാത്രമേയുള്ളൂ. പ്രതിപക്ഷനേതാവ് നേരിട്ട് പ്രചാരണത്തിന് നേതൃത്വം നൽകിയ പാലായിൽ വോട്ടുകച്ചവടം നടന്നെന്ന് പറഞ്ഞിരിക്കുന്നത് ബി.ജെ.പി മണ്ഡലം പ്രസിഡന്റാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവും കാശ്മീരിലെ ജനാധിപത്യ ധ്വംസനവുമുൾപ്പെടെ രാജ്യത്തിന്റെ ജനാധിപത്യ പൈതൃകത്തെ തന്നെ ബി.ജെ.പി സർക്കാർ തകർത്തുകൊണ്ടിരിക്കുമ്പോഴാണ് കോൺഗ്രസ് ഇവിടെ ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയത്.
പാലായിൽ ഇടതുമുന്നണി നല്ല പ്രവർത്തനം നടത്തുക വഴി വിജയപ്രതീക്ഷയുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് കോൺഗ്രസ് ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ നിലവിലെ ഏതാനും യു.ഡി.എഫ് സീറ്റുകൾ പിടിച്ചെടുക്കാനാകും. അരൂർ നിലനിറുത്തിക്കൊണ്ടാകും മുന്നോട്ട് പോവുക. ലോക്‌സഭാ തിരഞ്ഞെടുപ്പും ഇതും തമ്മിൽ വ്യത്യാസമുണ്ട്. രാഹുൽഗാന്ധി പ്രധാനമന്ത്രി ആകുമെന്ന പ്രചാരണവും മോദി പ്രധാനമന്ത്രി ആയ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകളും അന്നുണ്ടായിരുന്നു. ആ സാഹചര്യമല്ല ഇപ്പോഴുള്ളത്.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയതലത്തിൽ ഒക്ടോബർ 10 മുതൽ 14 വരെ നടത്തുന്ന പ്രതിഷേധപരിപാടിയുടെ ഭാഗമായി ഒക്ടോബർ 10ന് 140 നിയോജകമണ്ഡലം കേന്ദ്രങ്ങളിലും എൽ.ഡി.എഫ് സായാഹ്നധർണകൾ സംഘടിപ്പിക്കുമെന്നും കൺവീനർ പറഞ്ഞു.