തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് സമർപ്പിച്ച കരട് നിർദ്ദേശം നിയമവകുപ്പിന്റെ പരിഗണനയിൽ. ആവശ്യമായ മാറ്റങ്ങൾ വരുത്തി അന്തിമ റിപ്പോർട്ട് നിയമവകുപ്പ് ശുപാർശയായി ഇന്ന് സർക്കാരിന് സമർപ്പിക്കും.
കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയിൽ സംസ്ഥാനത്തിന് പിഴത്തുക നിശ്ചയിക്കാൻ അനുമതിയുള്ള ഏഴ് നിയമലംഘനങ്ങൾക്ക് പുറമെ മറ്റുള്ളവയ്ക്കും കുറഞ്ഞ പിഴ മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് നിയമപ്രാബല്യം ലഭിക്കുമോ എന്നതിലാണ് ഉപദേശം തേടിയത്. നിയമ സെക്രട്ടറിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും സർക്കാർ തീരുമാനമെടുക്കുക. കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ചല്ല കേന്ദ്രനിയമത്തിൽ പിഴ നിശ്ചയിച്ചിട്ടുള്ളതെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ഇതു സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് അയച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പിഴ കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിനുള്ള പിഴ സംബന്ധിച്ചാണ് ഏറെ ആരോപണം ഉയർന്നത്. വ്യക്തികളുടെ നേരിട്ടുള്ള സുരക്ഷാകാര്യങ്ങളിൽ അത്ര കടുംപിടിത്തം വേണ്ടെന്ന നിലപാടിലാണ് എത്തിച്ചേർന്നിട്ടുള്ളത്. അതേസമയം ഡ്രൈവറുടെ പിഴവുകാരണം മറ്റുള്ളവരുടെ ജീവൻ അപകടത്തിൽപെടാനിടയുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷ കാര്യമായി കുറയ്‌ക്കേണ്ടതില്ലെന്നാണ് കരട് നിർദ്ദേശത്തിലുള്ളത്. ഡ്രൈവിംഗിനിടെയുള്ള മൊബൈൽഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, അലക്ഷ്യമായ ഡ്രൈവിംഗ് എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്.
കേന്ദ്രനിയമം അനുശാസിക്കുന്നതിൽ നിന്നു പിഴ കുറച്ചാൽ നിയമപരമായി നിലനിൽക്കില്ലെന്ന നിയമോപദേശമാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. എന്നാൽ സംസ്ഥാനങ്ങൾ പിഴ കുറച്ചതിനെ സുപ്രീംകോടതി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമവിഭാഗം നീങ്ങുന്നത്. നിയമസെക്രട്ടറിയുടെ അന്തിമറിപ്പോർട്ട് ലഭിച്ചശേഷം പിഴത്തുക സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുക്കും. പെരുമാറ്റച്ചട്ടം തടസമാകാനിടയുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താകും പിഴ കുറയ്ക്കൽ നടപ്പാക്കുക.