cpm-

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള സി.പി.എം സ്ഥാനാർത്ഥികളെ 27ന് പ്രഖ്യാപിക്കും. അതാത് ജില്ലാ ഘടകങ്ങളിൽ നിന്ന് സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെയടക്കം അഭിപ്രായമാരാഞ്ഞ് തയ്യാറാക്കിയ സാദ്ധ്യതാ പാനലുകൾ ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തെങ്കിലും ജില്ലാ ഘടകങ്ങളിൽ വിശദമായ ചർച്ചയ്ക്ക് ശേഷം മതി അന്തിമതീരുമാനമെന്ന ധാരണയിലെത്തുകയായിരുന്നു. അരൂരിലും കോന്നിയിലും കുറേക്കൂടി അനുകൂലസാഹചര്യമുണ്ടെന്ന വിലയിരുത്തലുമുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗത്തിനിടയിലും അരൂരിൽ അറുന്നൂറിൽപ്പരവും , കോന്നിയിൽ രണ്ടായിരത്തിൽപ്പരവും വോട്ടിന്റെ വ്യത്യാസമേ യു.ഡി.എഫുമായി ഉണ്ടായിട്ടുള്ളൂ. ഈ മണ്ഡലങ്ങലിൽ കൂടുതൽ ശ്രദ്ധയോടെ നീങ്ങണം. അതേസമയം, അഞ്ചിടത്തും അമിതപ്രതീക്ഷകൾ വച്ചുപുലർത്തുന്നുമില്ല.

യു.ഡി.എഫ് സ്ഥാനാർത്ഥികളെ സംബന്ധിച്ച ധാരണ കൂടി അറിഞ്ഞ് തീരുമാനമെടുക്കാമെന്ന കണക്കുകൂട്ടലുമുണ്ട്.അഞ്ച് ജില്ലാ കമ്മിറ്റികളിലെയും ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റികളിലെയും അഭിപ്രായരൂപീകരണത്തിന്റെ കൂടി അടിസ്ഥാനത്തിലാവും 27ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെ സ്ഥാനാർത്ഥി പട്ടിക അംഗീകരിക്കുക. മഞ്ചേശ്വരത്ത് കന്നഡ പ്രാതിനിദ്ധ്യവും പരിഗണിച്ച് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആർ. ജയാനന്ദനാണ് മുൻതൂക്കം. എറണാകുളത്ത് മുതിർന്ന പത്രപ്രവർത്തകൻ കെ.എം. റോയിയുടെ മകനും അഭിഭാഷകനുമായ മനുറോയിയുടെ പേരിലും ഏറെക്കുറെ ധാരണയായി. വട്ടിയൂർക്കാവിൽ മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.എസ്. സുനിൽകുമാർ, എസ്.പി. ദീപക് തുടങ്ങിയ പേരുകളും , അരൂരിൽ പി.പി. ചിത്തരഞ്ജൻ, സി.ബി. ചന്ദ്രബാബു, മനു സി. പുളിക്കൻ തുടങ്ങിയ പേരുകളും ഉയരുന്നു. കോന്നിയിൽ യുവനേതാവ് കെ.യു. ജനീഷ് കുമാർ, എം.എസ്. രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങിയവരാണ് പരിഗണനയിൽ.

മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം 29നും അരൂർ, എറണാകുളം മണ്ഡലങ്ങളിൽ 30നും നടക്കും. ഒക്ടോബർ അഞ്ചിന് മുമ്പ് പഞ്ചായത്ത്, ബൂത്ത് തല കമ്മിറ്റികളും രൂപീകരിക്കും.