1

നേമം: സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മരുമകന്റെ വെട്ടേറ്റ് ഭാര്യാ പിതാവിനും സഹോദരനും പരിക്ക്. ഇന്നലെ പുലർച്ചെ 3.30 നായിരുന്നു സംഭവം. കല്ലിയൂർ ശാസ്താംകോവിലിനു സമീപം പറമ്പിൽ വീട്ടിൽ വിശ്വംഭരൻ (59), ഇയാളുടെ മകൻ വിഷ്ണു (27) എന്നിവർക്കാണ് വെട്ടേറ്റത്. വിശ്വംഭരന്റെ മരുമകൻ മൊട്ടമൂട് മച്ചേൽ പള്ളിനട സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന അനീഷും (30), ഇയാളുടെ സുഹൃത്തുക്കളായ കണ്ടാലറിയാവുന്ന പത്തോളം പേരും ചേർന്നാണ് ആക്രമിച്ചത്. ഭാര്യ വീട്ടിലെത്തിയ അനീഷും സംഘവും വിശ്വംഭരനുമായി വാക്കേറ്റമുണ്ടാവുകയും ഇയാളെ ആക്രമിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ വിഷ്ണുവിനെയും ആക്രമിച്ചു. ഇരുവർക്കും തലയ്ക്കും കൈകാലുകൾക്കും ആഴത്തിൽ വെട്ടേറ്റു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് വിശ്വംഭരനെയും വിഷ്ണുവിനെയും ശാന്തിവിള താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. ഇവിടെ ഇരുവരെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. സംഭവ സമയം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വിവാഹം കഴിഞ്ഞതു മുതൽ സ്ത്രീധനത്തിന്റെ പേരിൽ അനീഷ് വിശ്വംഭരനുമായി വഴക്കുണ്ടാക്കുക പതിവായിരുന്നെന്നും ഏതാനും നാളുകൾക്ക് മുൻപും വഴക്കു നടന്നതായും പൊലീസ് പറഞ്ഞു. അനീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.