ന്യൂഡൽഹി : നടുവിന് നേരിയ പരിക്കേറ്റ ഇന്ത്യൻ പേസ് സെൻസേഷൻ ജസ്‌പ്രീത് ബുംറയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ കളിക്കാനാവില്ല. ഒക്ടോബർ രണ്ടിന് വിശാഖപട്ടണത്ത് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ബുംറയ്ക്ക് പകരം ഉമേഷ് യാദവിനെ ഉൾപ്പെടുത്തിയതായി സെലക്ഷൻ കമ്മിറ്റി അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി - 20 പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന ബുംറ പതിവ് ഫിറ്റ്‌നെസ് പരിശോധനയിലാണ് നടുവിനേറ്റ പരിക്കിന്റെ ഗൗരവം മനസിലാക്കിയത്. ബി.സി.സി.ഐ മെഡിക്കൽ ടീം ബംഗളൂരുവിലെ ദേശീയ അക്കാഡമിയിലേക്ക് ബുംറയെ റഫർ ചെയ്തിരിക്കുകയാണ്. ഇതിനകം 12 ടെസ്റ്റുകൾ മാത്രം കളിച്ചിട്ടുള്ള ബുംറ 62 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു. ഇക്കഴിഞ്ഞ വിൻഡീസ് പര്യടനത്തിൽ ഹാട്രിക്ക് അടക്കം 13 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. വിൻഡീസിലെ ആദ്യ ടെസ്റ്റിൽ ഏഴ് റൺസ് നൽകി അഞ്ച് വിക്കറ്റെടുത്തതോടെ ആസ്ട്രേലിയ, ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക, വിൻഡീസ് എന്നിവർക്കെതിരെയെല്ലാം അഞ്ചു വിക്കറ്റു വീഴ്ത്തുന്ന താരവുമായിരുന്നു.
41 ടെസ്റ്റുകൾ കളിച്ചിട്ടുള്ള താരമാണ് ഉമേഷ്. 2018 ഡിസംബറിൽ ആസ്ട്രേലിയക്കെതിരെയാണ് അവസാനമായി ടെസ്റ്റ് കളത്തിലിറങ്ങിയത്. വിൻഡീസ് പര്യടനത്തിൽ ടീമിലുണ്ടായിരുന്നുവെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
ധോണിയെ തുണച്ച് യുവി
ന്യൂഡൽഹി : മുൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയുടെ കളിക്കളത്തിലെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്ന് മുൻ താരം യുവ്‌രാജ് സിംഗ്. ഇന്ത്യൻ ക്രിക്കറ്റിന് ധോണിയുടെ സംഭാവനകൾ അതുല്യമാണെന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച ക്യാപ്ടനാണ് ധോണിയെന്നും അതിനാൽ അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്ന സമയത്ത് വിരമിക്കാൻ അനുവാദം നൽകണമെന്നു യുവ്‌രാജ് പറഞ്ഞു.
ധോണിയുടെ പിൻഗാമിയായ ഋഷഭ് പന്ത് പ്രതിഭയുള്ള കളിക്കാരനാണെന്നും ഇപ്പോഴത്തെ മോശം ഫോമിന്റെ പേരിൽ സമ്മർദ്ദത്തിലാക്കാതെ കൂടുതൽ അവസരം നൽകുകയാണ് വേണ്ടതെന്നും യുവി അഭിപ്രായപ്പെട്ടു.