തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തകാലത്ത് പുനർനിർമ്മാണം നടത്തിയതിനു ശേഷം പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വിജിലൻസ് ഡയറക്ടർ അനിൽ കാന്ത്, ഐ.ജി എച്ച്. വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ നാൽപതോളം റോഡുകളിൽ പരിശോധന നടന്നത്.
പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന പല റോഡുകളിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും ഇന്ത്യൻ റോഡ് കോൺഗ്രസിന്റെയും മാർഗനിർദ്ദേശമനുസരിച്ചല്ല അറ്റകുറ്റപ്പണികൾ നടക്കുന്നതെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട - പൈപ്പിന്മൂട് റോഡിലെ ഊളമ്പാറയിൽ നടത്തിയ പരിശോധനയിൽ ടാർ വേണ്ട കനത്തിൽ ഇട്ടിട്ടില്ലെന്നും, പരുത്തിപ്പാറ - അമ്പലമുക്ക് റോഡിലെ മുട്ടടയിൽ അറ്റകുറ്റപ്പണിയിൽ ടാർ ഉപയോഗിച്ചതിന്റെ അളവ് വളരെ കുറവാണെന്നും ബോധ്യപ്പെട്ടു.
കായംകുളം സൈതരുവള്ളി- ടെക്‌നോ ജംഗ്ഷൻ റോഡിൽ പണികൾക്ക് ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾക്ക് മാനദണ്ഡ പ്രകാരമുള്ള ഗുണനിലവാരമില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. വയനാട് ചീയബം - മുള്ളങ്കൊല്ലി റോഡിൽ ടാറിങ് പണികളുടെ വാറന്റി കാലാവധി നവംബർ വരെയുണ്ടെങ്കിലും റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടും കരാറുകാരൻ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടൊത്തുമ്മൽ നടവയൽ - വേലിയമ്പം റോഡിൽ 24 വലിയ കുഴികളാണ് ശ്രദ്ധയിൽപ്പെട്ടത്.
കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാൽ - ഓടാംമൂട് റോഡിൽ നടത്തിയ പരിശോധനയിൽ നിർമ്മാണം പൂർത്തിയായ റോഡിൽ കുഴികൾ രൂപപ്പെട്ടതായും റോഡ് വീതികൂട്ടിയ ഭാഗം അമർന്നു താണതായും പരിശോധനക സംഘം കണ്ടെത്തി. ധർമശാല അഞ്ചാംപീടിക റോഡിൽ റീ ടാറിങ് നടത്തിയതിനു പിന്നാലെ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കുകയും, പിന്നീടു നടത്തിയ അറ്റകുറ്റപ്പണി പേരിനു മാത്രമായതിനാൽ ആ ഭാഗം പൂർണമായും പൊട്ടിപ്പൊളിഞ്ഞതും കണ്ടെത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ കെ.പി റോഡ് - കായംകുളം - പത്തനാപുരം റോഡ് പന്ത്രണ്ട് കോടിയോളം രൂപ മുടക്കി പണികൾ പൂർത്തീകരിച്ച് നാലു മാസങ്ങൾക്കകം ഇടിഞ്ഞു താഴ്ന്നു. റോഡുകളിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ലാബുകളിൽ അയച്ച് വിശദമായ റപ്പോർട്ട് സർക്കാരിനു കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് അറിയിച്ചു.