federation-cup-junior-ath
ancy sojan

ആൻസിക്ക് വെള്ളി, ആദിത്യയ്ക്കും ദിൽഷിത്തിനും വെങ്കലം

തിരുവണ്ണാമലൈ : തമിഴ്നാട്ടിൽ നടക്കുന്ന 17-ാമത് ഫെഡറേഷൻ കപ്പ് ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിന്റെ ആദ്യ ദിനം കേരളത്തിന് മൂന്ന് മെഡലുകൾ. ഒരു വെള്ളിയും രണ്ട് വെങ്കലങ്ങളുമാണ് കേരള താരങ്ങൾ സ്വന്തമാക്കിയത്.

20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ലോംഗ് ജമ്പിൽ മത്സരിച്ച ആൻസി സോജനാണ് വെള്ളി നേടിയത്. 5.91 മീറ്റർ ചാടിയാണ് ആൻസി രണ്ടാമതെത്തിയത്. 5.99 മീറ്റർ ചാടിയ തമിഴ്നാടിന്റെ എ. ഷെറിൻ സ്വർണം നേടി. 5.91 മീറ്റർ ചാടിയ തമിഴ്നാടിന്റെ തന്നെ പി.എം. തബിദയ്ക്കാണ് വെങ്കലം.

20 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ ഹൈജമ്പിൽ 1.99 മീറ്റർ ചാടിയാണ് ദിൽഷിത്ത് വെങ്കലം നേടിയത്. 2.08 മീറ്റർ ക്ളിയർ ചെയ്ത പശ്ചിമ ബംഗാളിന്റെ ഉച്ഛൽ കുമാർ റോയ് സ്വർണവും 2.06 മീറ്റർ ചാടിക്കടന്ന ഹരിയാനയുടെ രോഹിത് വെള്ളിയും സ്വന്തമാക്കി.

20 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 100 മീറ്ററിൽ കേരളത്തിനായി മത്സരിച്ച ആദിത്യ കുമാർ സിംഗ് 10.92 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മൂന്നാമനായത്. 10.82 സെക്കൻഡിൽ ഒാടിയെത്തിയ തമിഴ് നാടിന്റെ അരുൺ കുമാർ സ്വർണവും 10.88 സെക്കൻഡിൽ ഫിനിഷ് ചെയ്ത വിബിൻ രാജ് വെള്ളിയും നേടി.