gold

തിരുവനന്തപുരം: വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച കേസിൽ ജോലിക്കാരൻ അറസ്റ്റിൽ. കാട്ടാക്കട കീഴാറൂർ ഇടവ ക്രിസ്‌തുരാജ പള്ളിക്ക് സമീപമുള്ള സുചീന്ദ്രനെയാണ് (39) മ്യൂസിയം പൊലീസ് അറസ്റ്റുചെയ്‌തത്. കവടിയാർ കുറവൻകോണം മുത്തുസ്വാമി ലൈനിൽ ബീനാ ചന്ദ്രമോഹന്റെ വീട്ടിൽ നിന്നാണ് സുചീന്ദ്രൻ 18 പവൻ സ്വർണവും 50000 രൂപയും മോഷ്ടിച്ചത്. ഇയാൾ മൂന്നുവർഷമായി ഇവരുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രതി മോഷണം നടത്തിയത്. രണ്ട് ദിവസം മുമ്പാണ് വീട്ടുകാർ മോഷണ വിവരം അറിയുന്നത്. തുടർന്ന് മ്യൂസിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. സുചീന്ദ്രനെ സംശയമുണ്ടെന്ന വീട്ടുകാരുടെ മൊഴിയെതുടർന്ന് ഇയാളെ ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചു. ആഭരണങ്ങൾ ഇയാളുടെ വീടിനു സമീപമുള്ള ഫൈനാൻസിൽ പണയപ്പെടുത്തിയതായി കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്‌തു.