blackmailing-

കോഴിക്കോട്: പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ സരോവരം ബയോ പാർക്കിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മതം മാറാൻ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതി നടുവണ്ണൂർ സ്വദേശി മുഹമ്മദ് ജാസിം (19 ) റിമാൻഡിൽ. പ്രതിയെ അറസ്റ്റുചെയ്ത മെഡിക്കൽ കോളേജ് പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ജൂലായ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥിനിയെ പണയം നടിച്ച് സരോവരം പാർക്കിൽ എത്തിച്ച് ലഹരിമരുന്ന് ചേർത്ത ജ്യൂസ് നൽകിയ ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പണം കൈക്കലാക്കുകയും ചെയ്തു. തുടർന്നാണ് മതം മാറാനും ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. മുഹമ്മദ് ജാസിമിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

യുവാവിന്റെയും പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് ശേഖരിക്കും. മതം മാറ്റാൻ ഭീഷണിപ്പെടുത്തിയെന്നതിന് കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതിക്ക് ഏതെങ്കിലും സംഘടനയുമായോ വ്യക്തികളുമായോ ബന്ധമുണ്ടോയെന്നത് ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.

കേസിൽ എൻ.ഐ.എയുടെ ഇടപെടലുമുണ്ടായിരുന്നു. പെൺകുട്ടിയുടെ പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയതിനു പിറകെയാണ് എൻ.ഐ.എ ഇടപെടലുണ്ടായത്. ഇതിന് ശേഷമാണ് കേസ് പൊലീസ് ഗൗരവത്തിലെടുത്തതെന്ന ആരോപണവുമുയർന്നു. എന്നാൽ കേസിൽ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് പറയുന്നു. സി.ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ ഇന്നലെ പാർക്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടെത്തിച്ച സ്ഥലം യുവാവ് പൊലീസിന് കാണിച്ചുകൊടുത്തു. നടക്കാവ് പൊലീസിനാണ് രക്ഷിതാവ് ആദ്യം പരാതി നൽകിയത്. പീഡനം തെളിഞ്ഞതോടെ പ്രതിക്കെതിരെ കേസെടുത്ത് മെഡിക്കൽ കോളേജ് പൊലീസിന് കൈമാറുകയായിരുന്നു.