വർക്കല: വളർത്തുപക്ഷികൾക്ക് കുത്തിവയ്പിനു പകരം തീറ്റയിലൂടെ രോഗപ്രതിരോധ മരുന്ന് നൽകാമെന്ന മലയാളി ഗവേഷകന്റെ കണ്ടെത്തലിന് വേൾഡ് വെറ്ററിനറി ആൻഡ് പൗൾട്രി അസോസിയേഷന്റെ അംഗീകാരം. വർക്കല പാളയംകുന്ന് സ്വദേശി ഡോ. പി.ടി. പ്രതീഷിന്റെ ഗവേഷണത്തിനാണിത്.
വളർത്തുപക്ഷികൾക്കുണ്ടാകുന്ന സാൽമൊണെല്ല ഇൻഫെക്‌ഷനുള്ള വാക്സിനേഷൻ തീറ്റയിലൂടെ നൽകാവുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചെടുത്തത്. ക്ലോറെല്ല
വൾഗാരിസ് ഇനത്തിൽപെട്ട ആൽഗയിലൂടെയാണ് ആഹാരത്തിൽ പ്രതിരോധശേഷി സൃഷ്ടിക്കുന്നത്.
ബാങ്കോക്കിൽ നടന്ന 21-ാമത് വേൾഡ് വെറ്ററിനറി ആൻഡ് പൗൾട്രി അസോസിയേഷൻ കോൺഗ്രസിലാണ് ഗവേഷണ അംഗീകാരം. 2019 ലെ ഡബ്ലിയു.വി.പി.എ ബ്ലോളിങ്കർ ഇൻഗ്രാം ഇന്നവേഷൻ ഇൻ വാക്സിനേഷൻ പുരസ്കാരവും തുടർന്ന് ലഭിച്ചു. എഡിബിൾ ആൽഗൽ സബ് യൂണിറ്റ് വാക്സിനേഷനായ ഇതിന് താരതമ്യേന ചെലവ് കുറവാണ്. പ്രാദേശികമായിത്തന്നെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന മെച്ചവുമുണ്ട്. കോയമ്പത്തൂർ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബയോകെമിസ്ട്രി വിഭാഗം മേധാവിയാണ് ഡോ. പി.ടി. പ്രതീഷ്. വയനാട് കോളേജ് ഒഫ് വെറ്ററിനറി സയൻസിലെ വെറ്ററിനറി പബ്ലിക് ഹെൽത്ത് വിഭാഗത്തിലെ ഡോ. പ്രജിത്തിന്റെ കീഴിലായിരുന്നു ഗവേഷണം. പാലക്കാട് കൊഴിഞ്ഞാംപാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൈക്രോബയോളജി വിഭാഗം എച്ച്.ഒ.ഡി ഡോ. വിനീതയാണ് ഭാര്യ. എസ്.ബി.ടി റിട്ട. ചീഫ് മാനേജർ എം. പ്രകാശത്തിന്റെയും തങ്കത്തിന്റെയും മകനാണ് പ്രതീഷ്.