water

മലയിൻകീഴ്: പൈപ്പ് വെളളത്തെ മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിൽ പൈപ്പ് വെള്ളം ഇടയ്ക്കിടെ മുടങ്ങുന്നതായി പരാതി. പ്രദേശങ്ങളിലാകെ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. വിളപ്പിൽ കാവിൻപുറം പ്ലാന്റിന്റെ നൂലിയോട് വാട്ടർ ടാങ്കിൽ നിന്നാണ് വിളപ്പിൽശാല ഭാഗത്ത് കുടിവെള്ളം എത്തിക്കുന്നത്. കാലപ്പഴക്കത്താൽ, താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കടന്നു പോകുമ്പോഴുണ്ടാകുന്ന സമ്മർദ്ദം കാരണം പൈപ്പുകൾ പൊട്ടുന്നത് പതിവായിട്ടുണ്ട്. വിളപ്പിൽശാല പൊലീസ് സ്റ്റേഷന് സമീപം, എള്ളുവിള എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു. പൈപ്പിന്റെ ചോർച്ച മാറ്റുന്നതിന് പകരം ഈ ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം വാട്ടർ അതോറിട്ടി നിറുത്തുന്നതാണ് കുടിവെള്ളക്ഷാമത്തിന് പ്രധാനകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വാട്ടർ അതോറിട്ടിയിലും, വിളപ്പിൽ ഗ്രാമപഞ്ചായത്തിലും പലവട്ടം നാട്ടുകാർ പരാതി നൽകിയെങ്കിലും യാതൊരു ഫലമുണ്ടായില്ല. മലയിൻകീഴ് പഞ്ചായത്തിലും പൈപ്പ് കണക്ഷനെടുത്തവർ വലയുന്ന അവസ്ഥയാണ്. പല സ്ഥലത്തും പൈപ്പ് വെള്ളം ലഭ്യമാകാത്ത സ്ഥിതിയാണെന്നും ലഭ്യമാകുമ്പോൾ തന്നെ പലപ്പോഴും ഏതാനും മണിക്കൂറുകൾ മാത്രമേ കിട്ടാറുള്ളുവെന്നും നാട്ടുകാർ പറയുന്നു. വാട്ടർ അതോറിട്ടിയിലെ ചില ജീവനക്കാർക്ക് താത്പര്യമുള്ള സ്ഥലങ്ങളിലെ വാൽവ് മാത്രമേ തുറക്കാറുള്ളുവെന്നാണ് ആക്ഷേപം. മലയിൻകീഴ് പഞ്ചായത്ത് പരിധിയിലെ ശാന്തുമൂല, ആൽത്തറ പാലോട്ടുവിള, കരിപ്പൂര്, തച്ചോട്ടുകാവ്, അന്തിയൂർക്കോണം, മേപ്പൂക്കട, ബ്ലോക്ക്നട, മലയിൻകീഴ് ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ അരുവിക്കര പമ്പ് ഹൗസിൽ നിന്നാണ് കുടിവെള്ളമെത്തേണ്ടത്. അരുവിക്കര പുന്നാവൂർ പമ്പിംഗ് സ്റ്റേഷനിൽ കുടിവെള്ളവിതരണ ജോലികൾ നടക്കുന്നുണ്ടെങ്കിലും ഇൗ പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നതിൽ വാട്ടർ അതോറിട്ടി അലംഭാവം കാട്ടുന്നതായാണ് ആക്ഷേപം. വർഷങ്ങൾ പഴക്കമുള്ള പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് വാട്ടർ അതോറിട്ടി നൽകിയിരുന്ന ഉറപ്പ് വെറുംവാക്കായിട്ട് കാലങ്ങൾ കഴിഞ്ഞു. കുടിവെള്ളത്തിനുള്ള കാത്തിരിപ്പ് ഇവിടങ്ങളിലെ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.