മുൻ ഇന്ത്യൻ ക്യാപ്ടൻ എം.എസ്. ധോണിയ്‌ക്ക് ക്രിക്കറ്റ് ലോകത്ത് നിരവധി ആരാധകരാണ് ഉള്ളത്. ധോണി നായകനായിരിക്കെ ഇന്ത്യ 2007ൽ ആദ്യത്തെ ഐ.സി.സി ട്വന്റി - 20 ലോകകപ്പ് സ്വന്തമാക്കി. 2011ൽ ലോകകപ്പും 2013ൽ ചാമ്പ്യൻസ് ട്രോഫിയും നേടി. നേട്ടങ്ങൾ ഇനിയും ഏറെ. ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ ഏറെയും. ധോണിയുടെ വിരമിക്കലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളുടെ കാര്യം അവിടെ നിൽക്കട്ടെ.
ധോണിയുടെ ആരാധകർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കേണ്ടേ. വെറും ഫാനല്ല. ഒരു സൂപ്പർ ഫാൻ തന്നെയാണ് ആൾ. ശരവണൻ ഹരി എന്ന തമിഴ്നാട്ടുകാരൻ. ഐ.പി.എല്ലിൽ ക്രീസിൽ ചെന്നൈ സൂപ്പർ കിംഗ്സ് അടിച്ചു കസറുമ്പോൾ ഗാലറിയിൽ ആവേശത്താൽ മതിമറന്ന് തുള്ളിച്ചാടുന്ന, ശരീരം മുഴുവൻ മഞ്ഞ നിറത്തിലെ പെയിന്റ് പൂശിയ ശരവണൻ ഹരിയെ എല്ലാവർക്കും ഓർമ കാണുമല്ലോ. ഹരിയ്‌ക്കും പറയാനുണ്ട് തന്റെ 'ധോണിയണ്ണൻ' വിരമിക്കുന്നതിനെ പറ്റി ചിലത്..
അത് അനിവാര്യം..
ആരൊക്കെ വന്നാലും പോയാലും എന്നും താൻ തലയുടെ കട്ട ആരാധകൻ ആയിരിക്കുമെന്നാണ് ഹരി പറയുന്നത്. '2011ൽ ഇന്ത്യയ്‌ക്ക് ധോണി ലോകകപ്പ് സമ്മാനിച്ച അന്നുമുതൽ അദ്ദേഹത്തോട് തനിക്ക് അടങ്ങാത്ത ആവേശവും ബഹുമാനവുമാണ്. അദ്ദേഹത്തോടുള്ള തന്റെ ആരാധന എത്രത്തോളമാണെന്ന് എല്ലാവർക്കും മുന്നിൽ കാട്ടണമെന്ന് തനിക്ക് തോന്നി. ഒരു സാധാരണ ഗ്രാമത്തിൽ നിന്നുള്ളയാളായ താൻ അന്നു മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരങ്ങൾ കാണാൻ ഗാലറിയിൽ എത്താൻ തുടങ്ങി..' ശരവണൻ പറയുന്നു.
'വിരമിക്കൽ എന്നത് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. എന്നായാലും അത് സംഭവിച്ചേ തീരു. രാത്രിയും പകലും അവസാനിക്കുന്നുണ്ടല്ലോ. അതുപോലെ തന്നെ ഇതും അനിവാര്യമാണ്. അദ്ദേഹം ഒരു ദിവസം വിരമിക്കുക തന്നെ ചെയ്യുമെന്ന് തനിക്കറിയാം. തന്നെ പോലെയുള്ള എല്ലാ ആരാധകർക്കും അത് വളരെ വേദനാജനകമായിരിക്കും. പക്ഷേ, താൻ എന്നും അദ്ദേഹത്തിന്റെ ആരാധകനായിരിക്കും. അങ്ങനെ അറിയപ്പെടാനാണ് തനിക്കിഷ്‌ടം. അദ്ദേഹത്തിൽ നിന്നും പഠിച്ച പാഠങ്ങൾ താൻ മറക്കില്ല. അദ്ദേഹം ഏത് ടീമിനെ പിന്തുണയ്‌ക്കുന്നുവോ അവരെ സന്തോഷിപ്പിക്കാൻ താൻ എത്തും. ഒരു നല്ല ആരാധകന്റെ ഉദാഹരണമായി മാറാൻ താൻ ശ്രമിക്കും. '
ഹരിയുടെ വാക്കുകളിൽ ഉടനീളം ധോണിയോടുള്ള അടങ്ങാത്ത ആവേശം പ്രകടമായിരുന്നു. ധോണിയെ പറ്റി സംസാരിക്കുമ്പോൾ അദ്ദേഹത്തെ ആദ്യമായി കണ്ട കഥയും ഹരി ഓർത്തെടുക്കുന്നു. 'ഐ.പി.എല്ലിന്റെ തുടക്കം മുതൽ ധോണിയണ്ണനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 2013ലായിരുന്നു അത്. അന്ന് ഭുവനേശ്വർ എയർപോർട്ടിൽ ഐ.പി.എൽ മാനേജ്മെന്റിന്റെ ഒരു പ്രമോഷണൽ പരിപാടിയ്‌ക്ക് വേണ്ടി എത്തിയതായിരുന്നു താൻ. അവർ തന്നോട് ശരീരം മുഴുവൻ പെയിന്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ധോണിയണ്ണൻ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന വിവരം പിന്നീടാണ് താൻ അറിഞ്ഞത്.
എല്ലാം പെട്ടെന്നായിരുന്നു. തനിക്ക് തൊടാവുന്ന അകലത്തിൽ താൻ ആരാധിക്കുന്ന വ്യക്തി തന്റെ കൺമുന്നിൽ നിൽക്കുന്നു. എന്ത് പറയണമെന്നറിയില്ല. തനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. താൻ അദ്ദേഹത്തിന്റെ കാലുകളിലേക്ക് വീണു. വാക്കുകൾ കൊണ്ട് തനിക്കത് വിവരിക്കാനാകില്ല. ജീവിതത്തിൽ തനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു അത്.' ഹരി കൂട്ടിച്ചേർത്തു.