തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി ആൻഡ് ഫിലിം സൊസൈറ്റിയുടെ സിനിമ- ടെലിവിഷൻ അവാർഡുകൾ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജി.എസ്. പ്രദീപ് പ്രഖ്യാപിച്ചു. 20,000രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന രത്ന പുരസ്കാരങ്ങൾക്ക് സംവിധായകൻ ഷാജി എൻ കരുൺ, ബാലാവകാശ കമ്മിഷൻ ചെയർമാൻ പി. സുരേഷ്, കവി മുരുകൻ കാട്ടാക്കട, വത്സൻ മഠത്തിൽ (വിദ്യാഭ്യാസം), ഷാഹുൽ ഹമീദ് (മനുഷ്യാവകാശം), നർഗീസ് ബീഗം (ജീവകാരുണ്യം), സി.എച്ച്. ഇബ്രാഹിംകുട്ടി (വിദ്യാഭ്യാസം), ജയനാരായണൻ (സാമൂഹ്യസേവനം) എന്നിവർ അർഹരായി. ഉയരെ ആണ് മികച്ച ചിത്രം. മികച്ച സംവിധായകൻ: ശ്യാമപ്രസാദ് (ചിത്രം: ഒരുഞായറാഴ്ച). മികച്ച നടൻ: ഇന്ദ്രൻസ് (വെയിൽമരങ്ങൾ), മികച്ച നടി: ചിന്നു ചാന്ദിനി (തമാശ). അയ്യങ്കാളി ഹാളിൽ 28ന് ആരംഭിക്കുന്ന സൗത്ത് ഇന്ത്യൻ ഷോർട്ട്ഫിലിം ഫെസ്റ്റിന്റെ സമാപന ദിവസമായ 30ന് വൈകിട്ട് 5ന് മന്ത്രിമാരായ കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്യും.