തിരുവനന്തപുരം: തെറ്റായ സ്വകാര്യ ലാബ് റിപ്പോർട്ടിനെ തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോതെറാപ്പി ചെയ്‌ത മാവേലിക്കര കടശ്ശനാട് സ്വദേശി രജനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണിത്.
സംസ്ഥാന വ്യവഹാര നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൃശൂർ, മലപ്പുറം, കണ്ണൂർ കളക്ടറേറ്റുകളിൽ ജില്ലാ ലാ ഓഫീസർമാരെ നിയമിക്കുന്നതിന് ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ നിയമവകുപ്പിലെ അഡിഷൻ ടു കേഡറായി മൂന്നു തസ്‌തികകൾ സൃഷ്ടിക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിലെ സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബിലും മറ്റു ലാബുകളിലുമായി 14 തസ്‌തികകൾ സൃഷ്ടിക്കും.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിൽ വനിതാക്ഷേമം മുൻനിറുത്തി ഫാക്ടറി ഇൻസ്‌പെക്ടർ (വനിത) തസ്തിക സൃഷ്ടിക്കും.