അധികാരത്തിന്റെ തണലിലിരുന്നുകൊണ്ട് അഴിമതിയിലൂടെ ആവോളം സമ്പാദിച്ചവർ അതു കണ്ടുപിടിക്കപ്പെടുമ്പോൾ നിരപരാധികളായി ചമഞ്ഞ് കോടതികൾ കയറിയിറങ്ങുന്ന അശ്ളീലത നിറഞ്ഞ കാഴ്ചകൾക്കു നടുവിലാണ് രാജ്യവും ജനങ്ങളും. സ്വന്തം പേരിലുള്ള കള്ളസമ്പാദ്യം അധികാരത്തിൽ നിന്നു പുറത്താകുമ്പോൾ കണ്ടുപിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാൽ സ്വന്തക്കാരുടെ പേരിലാകും പലപ്പോഴും.
എന്നാൽ ബിനാമി സ്വത്തുക്കളും കണ്ടുകെട്ടാൻ നിയമം വന്നതോടെ അഴിമതി വീരന്മാർ പലരും ഇപ്പോൾ കുടുങ്ങുന്നുണ്ട്. പല നേതാക്കളുടെയും ബിനാമി സ്വത്തുക്കൾ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടുകെട്ടിയതു സംബന്ധിച്ച വാർത്ത പതിവായി വന്നുകൊണ്ടിരിക്കുകയാണ്. ബി.എസ്.പി നേതാവും മുൻ യു.പി മുഖ്യമന്ത്രിയുമായ മായാവതിയുടെ സെക്രട്ടറിമാരിലൊരാളായിരുന്ന നേത് റാം എന്ന ഐ.എ.എസുകാരന്റെ 230 കോടി രൂപ വിലവരുന്ന ബിനാമി സ്വത്തുക്കൾ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പുകാർ കണ്ടുകെട്ടിയ വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നിട്ടുള്ളത്. ഡൽഹി, നോയ്ഡ, മുംബയ് എന്നിവിടങ്ങളിലായി ഇയാളുടെ പേരിലുള്ള 19 വസ്തുക്കളാണ് കണ്ടുകെട്ടിയത്. ഇതിനു പുറമെ നേത്റാമിന്റെ വസതിയിൽ നടന്ന പരിശോധനയിൽ 1.64 കോടി രൂപയുടെ കറൻസിയും പിടികൂടി. ഒട്ടേറെ ആഡംബര വാഹനങ്ങളും ആദായനികുതി വകുപ്പുകാർ കണ്ടുകെട്ടുകയുണ്ടായി. ഒരു സാധാരണ ഐ.എ.എസ് ഉദ്യോഗസ്ഥൻ എത്ര ശ്രമിച്ചാലും ഉണ്ടാക്കാൻ കഴിയാത്തത്ര സ്വത്തുക്കളാണ് ഇയാളുടെ പേരിലുള്ളത്. ഇത് എങ്ങനെ ഇയാളിൽ വന്നുചേർന്നുവെന്ന് അദ്ഭുതം തോന്നേണ്ട കാര്യമില്ല. കാരണം മായാവതിയുടെ സെക്രട്ടറിയുടെയും മറ്റു സിൽബന്തികളുടെയും പേരിൽ സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടിയതത്രയും നേതാവു തന്നെയാണെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്. മായാവതി മാത്രമല്ല അധികാരത്തിലിരിക്കുന്ന പലരും ഇതുപോലെ കോടാനുകോടികളുടെ ബിനാമി സ്വത്തിന്റെ ഉടമകളാണ്. അധികാരം അഴിമതിക്കു വേണ്ടിയുള്ള അവസരമാക്കി മാറ്റിയെടുക്കുന്നതിലാണ് പലരുടെയും മിടുക്ക്. സമ്പദ് വ്യവസ്ഥയെ അർബുദം പോലെ ബാധിച്ചു കഴിഞ്ഞ അഴിമതിയുടെ ആഴവും പരപ്പും അറിയാൻ ചുറ്റുപാടും ഒന്നു നിരീക്ഷിച്ചാൽ മാത്രം മതി. ഏറ്റക്കുറച്ചിലുകൾ കാണുമെന്നേയുള്ളൂ. രാജ്യത്ത് എവിടെയും സ്ഥിതി ഒരുപോലെ തന്നെ.
മായാവതിയുടെ സെക്രട്ടറിയുടെ പേരിലുള്ള 230 കോടി രൂപയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടിയ വാർത്ത പുറത്തുവന്ന ദിവസം തന്നെയാണ് ദേശീയ രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ ശരത്പവാറും അദ്ദേഹത്തിന്റെ അനന്തരവൻ അജിത് പവാറും ഉൾപ്പെടെ അറുപതോളം പേർക്കെതിരെ പണം തട്ടിപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത വാർത്തയും വന്നെത്തിയത്. ഒരുകാലത്ത് കോൺഗ്രസിന്റെ തലപ്പത്തുണ്ടായിരുന്ന പവാർ പിന്നീട് എൻ.സി.പി രൂപീകരിച്ച് അതിന്റെ നേതൃസ്ഥാനത്തിരിക്കുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദീർഘകാലം ഭരിച്ച പവാർ പിന്നീട് കേന്ദ്രത്തിലും വലിയ പദവികൾ വഹിച്ചു. പ്രതിപക്ഷ രാഷ്ട്രീയത്തിൽ ഇപ്പോഴും നിർണായക ശബ്ദമാണ് അദ്ദേഹത്തിന്റേത്. അനന്തരവൻ അജിത് പവാറാകട്ടെ മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്നിട്ടുള്ള നേതാവാണ്. ഇവർക്കൊപ്പം ശിവസേനാ എം.പിയായ ആനന്ദ് റാവു അദ്സുലും കേസിൽ പ്രതിസ്ഥാനത്തുണ്ട്. 2007 - 11 കാലത്ത് മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറികൾക്ക് ചട്ടവും നിയമവും ലംഘിച്ച് വായ്പകൾ നൽകിയതു വഴി മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന് 25000 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചതിന്റെ പേരിലാണ് ബാങ്ക് ഭരണസമിതിക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്കെതിരെ പണം തട്ടിപ്പിന് കേസെടുത്തിരിക്കുന്നത്. ആസ്തി ബാദ്ധ്യതകൾ പോലും നോക്കാതെ പഞ്ചസാര ഫാക്ടറികൾക്ക് തോന്നുംപടി വായ്പകൾ അനുവദിച്ചതിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ബാങ്കിനെതിരെ നേരത്തേയും ആരോപണം വന്നതിനെത്തുടർന്ന് റിസർവ് ബാങ്ക് ഇടപെട്ട് ബാങ്ക് ഭരണനിർവഹണ സമിതിയിൽ മാറ്റം വരുത്തിയിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി സർക്കാരിന്റെ രാഷ്ട്രീയക്കളിയുടെ ഭാഗമായിട്ടാണ് പവാറിനും മറ്റുമെതിരെ കേസ് എടുത്തതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ടെങ്കിലും വായ്പാമേളകൾക്കു പിന്നിൽ അരങ്ങേറിയ വൻ അഴിമതിയെക്കുറിച്ചുള്ള സൂചനകൾ വളരെ മുന്നേ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. തിരിച്ചടയ്ക്കാനുള്ള ശേഷി പോലും നോക്കാതെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് പല സൊസൈറ്റികൾക്കും ഉദാരമായി വായ്പ നൽകിയിട്ടുള്ളതെന്ന് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. കാൽലക്ഷം കോടി രൂപയുടെ വായ്പകളിൽ സിംഹഭാഗവും കിട്ടാക്കടമായി ബാങ്കിന് വൻ ബാദ്ധ്യത വരുത്തിവയ്ക്കുമെന്നാണ് ആശങ്ക. പവാറിനും മറ്റുമെതിരെ കേസെടുത്തതോടൊപ്പം റിസർവ് ബാങ്കും ഇടപെട്ടുകഴിഞ്ഞു. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ - ഓപ്പറേറ്റീവ് ബാങ്കിന്റെ ഇടപാടുകളിൽ റിസർവ് ബാങ്ക് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ആറുമാസത്തേക്കാണിത്. ഇടപാടുകാർക്ക് ആയിരം രൂപയിലധികം പിൻവലിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്. ബാങ്ക് പുതുതായി വായ്പ നൽകുന്നതും വിലക്കിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കുന്ന പഞ്ചസാര സഹകരണ പ്രസ്ഥാനത്തിലെ കിടമത്സരം ഇതിനു പിന്നിലുണ്ടെന്നതു വ്യക്തമാണ്. എൻ.സി.പിയിലെ പല പ്രമുഖന്മാരും ഈയിടെ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേക്കേറിയത് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം പ്രതീക്ഷിച്ചാണ്. രാഷ്ട്രീയം എന്തു തന്നെയായാലും മുകളിൽ പൊന്തിവരുന്ന അഴിമതിയുടെ പാട കാണാതിരുന്നുകൂടാ.