തിരുവനന്തപുരം: രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന അപൂർവ ജീവിയുടെ പേടിയിൽ വീട്ടമ്മയും മകനും. വാഴോട്ടുകോണം വാർഡിലെ വെളെളക്കടവ് ജംഗ്ഷനിൽ അരീപ്പുറം റോഡിലെ അനിതയുടെ വീട്ടിലാണ് അപൂർവ ജീവിയുടെ ശല്യം. വിധവയായ അനിതയും മകനും മാത്രമാണ് വീട്ടിലുളളത്. കഴിഞ്ഞ മാർച്ച് മുതലാണ് ജീവിയുടെ ശല്യം ആരംഭിച്ചതെന്ന് അനിത പറയുന്നു. പട്ടിയുടെ ശരീരവും കടുവയുടെ മുഖവുമുളള ജീവി നേരം ഇരുട്ടുന്നതോടെ വീടിന്റെ പരിസരത്ത് എത്തും. പരിസരത്തെ പ്രാവുകളടക്കമുളള പക്ഷികളെ അപൂർവ ജീവി കൊന്ന് തിന്നുവെന്നും അനിത പറയുന്നു. വീടിന്റെ ടെറസിന് മുകളിലുമൊക്കെ അപൂർവ ജീവി വിഹരിച്ചുതുടങ്ങിയതോടെ പരാതിയുമായി വനം വകുപ്പ് അടുക്കമുള്ള അധികൃതരെ അനിത സമീപിച്ചു. ജീവിയെ ട്രാപ്പിലാക്കാൻ അവർ ഒരു കൂട് നൽകിയെങ്കിലും അതിലൊന്നും പെട്ടില്ല. പൊലീസിലും പരാതിപ്പെട്ടു. അതേസമയം, അയൽവാസികളിൽ പലരും അത്തരമൊന്ന് കണ്ടില്ലെന്ന് പറഞ്ഞതോടെ പൊലീസ് മടങ്ങിപ്പോയി.
താൻ പറയുന്നത് സത്യമാണെന്നും അത്തരമൊരു ജീവി ഉണ്ടെന്നും അനിത തറപ്പിച്ച് പറയുന്നു. ഒടുവിൽ ജീവിയുടെ രാത്രി സഞ്ചാരം കണ്ടുപിടിക്കാൻ അനിത് വീട്ടിൽ സി.സി ടി.വി കാമറ സ്ഥാപിച്ചു. അതിൽ രാത്രിയിൽ എത്തുന്ന ജീവിയുടെ ദൃശ്യങ്ങൾ പതിയുകയും ചെയ്തു. അതിന്റെ കാൽപ്പാടുകളും പതിഞ്ഞിട്ടുണ്ട്. ഇനിയെങ്കിലും ഈ ജീവിയുടെ ശല്യം ഒഴിവാക്കിത്തരണമെന്ന അഭ്യർത്ഥന മാത്രമാണ് ഈ വീട്ടമ്മയ്ക്കുള്ളത്.