വർക്കല: ഏറെക്കാലമായി അവഗണനയുടെ കയ്പുനീർ കുടിച്ച് കഴിയുകയാണ് നഗരസഭയിലെ ചെറുകുന്നം സ്റ്റാർലെയിൻ നിവാസികൾ. നഗരസഭയിലെ 13, 14 വാർഡുകൾ സന്ധിക്കുന്ന പ്രദേശമാണിത്. വർക്കലയിൽ ഗതാഗത സൗകര്യം ഏറ്റവും കുറഞ്ഞതും സ്റ്റാർലെയിൻ പ്രദേശത്താണ്. ആകെയുള്ളൊരു റോഡാകട്ടെ ചെളിയും വെള്ളക്കെട്ടുമായി കിടക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. രോഗികളും കൊച്ചു കുട്ടികളും അടക്കം ഈ വെളളക്കെട്ട് നിന്തിക്കടന്നാണ് യാത്ര ചെയ്യുന്നത്. ഒരൊറ്റ തെരുവ് വിളക്ക് പോലും ഇവിടെ കത്തുന്നുമില്ല. രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരും മോഷ്ടാക്കളും ഇവിടെ സ്വൈരവിഹാരം നടത്തുന്നു. മൈതാനം അടച്ചിട്ടിരിക്കുന്ന റെയിൽവെ ഗേറ്റിന്റെ എതിർവശത്തു കൂടി കടന്നു പോകുന്ന സ്റ്റാർലെയിൻ റോഡിന്റെ അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളും വിവിധ റസിഡന്റ്സ് അസോസിയേഷനുകളും പലതവണ നഗരസഭ അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സ്റ്റാർലെയിൻ റോഡിന്റെ ഭാഗത്ത് ഒരു പ്രധാന സ്വകാര്യ ആശുപത്രിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്ക് പോകുന്ന രോഗികളും ഏറെ ദുരിതം നേരിടുന്നു. ഈ പ്രദേശത്ത് അഞ്ഞൂറോളം കുടുംബങ്ങളും താമസിക്കുന്നു. ഇവരുടെ സ്ഥിതിയും മറിച്ചല്ല. റെയിൽവെ ലൈനിനും സ്റ്റാർലെയിനിനും ഇടയിലാണ് ഗുഡ്ഷെഡ് റോഡ് ഇവിടെയും തെരുവ് വിളക്കുകളില്ല. അടുത്ത കാലത്ത് കുഴിച്ചിട്ട പത്തോളം വിളക്കുകാലുകൾ മാത്രം നോക്കുകുത്തികളായി നിൽക്കുന്നു. ഈ ദുരിതങ്ങൾ ഇനി ആരോട് പറയണം എന്നറിയാതെ വിഷമവൃത്തത്തിലാണ് ജനങ്ങൾ.